വളവുപാറ വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു; മണ്ണിടിഞ്ഞ് രണ്ടു വീടുകൾ അപകട ഭീഷണിയിൽ
text_fieldsഇരിട്ടി: മഴക്ക് അൽപം ശമനമുണ്ടായെങ്കിലും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ 48 കുടുംബങ്ങളെ ക്കൂടി മാറ്റി പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി സ്കൂളിലും, ആറളം പഞ്ചായത്തിലെ മാങ്ങോട് നിർമല എൽ.പി സ്കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇരിട്ടി - കൂട്ടുപുഴ കെ.എസ്.ടി.പി റോഡിൽ വളവുപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് തിരിച്ചുവിട്ട ഗതാഗതം പുനസ്ഥാപിച്ചു. വളവുപാറയിൽ കൂടുതൽ മണ്ണിടിച്ചിലിനുള്ള അപകട സാധ്യത കുറഞ്ഞതോടെയാണ് ഇതുവഴിയുളള ഗതാഗതം പുനസ്ഥാപിച്ചത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായത്ത് രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ബാവലി, ബാരാപോൾ പുഴകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പഴശ്ശി പദ്ധതിയിൽ ഒരുമീറ്ററോളം വെള്ളം താഴ്ന്നു. ഇതോടെ, വളപട്ടണം പുഴയിലേക്കുള്ള നീരൊഴുക്കിനും കുറവുണ്ടായി.
മണ്ണിടിച്ചിൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുന്നത്. കരിക്കോട്ടകരയിൽ എടപ്പുഴ മേഖലയിലെ 19 കുടുംബങ്ങളെയാണ് കരിക്കേട്ടക്കരി യു.പി സ്കൂളിലേക്ക് മാറ്റിയിരിക്കുന്നത്. ക്യാമ്പിൽ 36 സ്ത്രീകളും, 38 പുരുഷന്മാരും ഒമ്പത് കുട്ടികളുമാണ് ഉള്ളത്. മാങ്ങോട് നിർമല എൽ.പി സ്കൂൾ ക്യാമ്പിൽ 40 കുടുംബങ്ങളാണ് കഴിയുന്നത്. 48 സ്ത്രീകളും 62 പുരുഷന്മാരും 15 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ബുധനാഴ്ച്ച ചതിരൂർ 110 ആദിവാസി ഊരിലെ 11കുടുംബങ്ങൾക്ക് വേണ്ടിയാണ് ക്യാമ്പ് തുടങ്ങിയതെങ്കിലും പിന്നീട് കുടുതൽ കുടുംബങ്ങളെ ക്യമ്പിലേക്ക് മാറ്റുകയായിരുന്നു.
അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണം, താമസ സൗകര്യം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. മാടത്തിൽ പള്ളിക്ക് പിറകുവശത്തെ കുഞ്ഞിപ്പറമ്പത്ത് സുഹറയുടെ കുടുംബത്തെ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് പായം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ മാറ്റി പാർപ്പിച്ചു. വീടിന് പിറകുവശം മണ്ണിടിയുകയും കൂടുതൽ മണ്ണിടിയാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഒഴിപ്പിച്ചത്.
കല്ലുമുട്ടിയിൽ കിഴക്കേ കുഴിപ്പള്ളി ജിതീഷിന്റെ കുടുംബവും മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് വീടുവിട്ട് ബന്ധു വീട്ടിലേക്ക് താമസം മാറ്റി. വീട്ടിന് പിറകുവശത്തെ കുന്നിടിഞ്ഞ് വീടിന്റെ ചമരിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഒരു വർഷം മുമ്പാണ് പുതിയ വീട് നിർമിച്ചത്. എടക്കാനം കീരിയോട് ചോടോൻ പുതിയേടത്ത് ഹൗസിൽ സി.പി. നാരായണന്റെ പുതുതായി നിർമിച്ച വീടിന്റെ പിറകുവശത്തെ സംരക്ഷണഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു വീണു. അഞ്ചു മീറ്ററോളം ഉയരത്തിൽ ചെങ്കല്ല് കൊണ്ട് നിർമിച്ച മതിലാണ് തകർന്നുവീണത്. വീടിനോട് ചേർന്ന് മണ്ണും കല്ലും പതിച്ച് വീടും അപകടാവസ്ഥയിലാരിക്കുകയാണ്. വീർപ്പാട് - ആറളം റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സന്നദ്ധ പ്രവർത്തകർ കനത്ത മഴയെ അവഗണിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
കുയിലൂർ ചീരങ്ങോട്ട് നിർമലയുടെ വീടിന്റെ കിണർ ഇടിഞ്ഞു. കനത്ത മഴയിൽ 14 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞത്. കിണർ ഇടിഞ്ഞതോടെ അടുത്തുള്ള സഹോദരൻ ബാബുവിന്റെ വീട് ഭീഷണിയിലാണ്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ കൂറ്റൻ മതിൽ ഇടിഞ്ഞു. കീഴൂർ വി.യു.പി സ്കുൾ റിട്ട. അധ്യാപിക എടക്കാനം എടയിൽക്കുന്ന് ഹൗസിൽ എം.കെ. ജാനകിയുടെ എടക്കാനം എടയിൽക്കുന്നിൽ നിർമിക്കുന്ന വീടിന്റെ പിറകുവശത്തെ അമ്പത് മീറ്ററോളം നീളത്തിൽ നിർമിച്ച കോൺക്രീറ്റ് മതിലാണ് കൂറ്റൻ മതിലാണ് കനത്ത മഴയിൽ ഇടിഞ്ഞുവീണത്. മതിലിനു പിറകിലെ കുന്ന് ഇടിഞ്ഞതിനെ തുടർന്നാണ് മതിൽ തകർന്നത്. വീടിനോട് ചേർന്ന കിണറിന് മുകളിലേക്കാണ് മതിൽ തകർന്നു വീണത് ഇതോടെ കിണറും ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. മണ്ണും കൂറ്റൻ കല്ലുകളും പതിച്ച് നിർമാണത്തിലിരിക്കുന്ന വീടും അപകടാവസ്ഥയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.