ആറളം പാലത്തിനു സമീപം രണ്ട് കാട്ടാനകൾ; കാട്ടിലേക്ക് തുരത്തി
text_fieldsഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽനിന്ന് 10 കിലോമീറ്ററോളം അകലെയുളള ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടാനകൾ എത്തി. അഞ്ചുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വനപാലക സംഘം ആനക്കൂട്ടത്തെ ആറളം ഫാമിനുള്ളിലെ കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആറളം പാലത്തിന് താഴെ പുഴയിൽ രണ്ട് കാട്ടാനകളെ കാണുന്നത്. പുഴയിൽ കുളിക്കാനും തുണിയലക്കാനും എത്തിയവരാണ് ആനയെ കണ്ടത്.
വനപാലക സംഘം എത്തി ആനയുടെ കാൽപാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചലിൽ ബാവലി പുഴ കടന്ന് പൂതക്കുണ്ട് പുഴക്കരയിൽ എത്തി. അവിടെനിന്നും ആറളം പാലം വഴി തുരത്താനായിരുന്നു ശ്രമം. ഇതിനിടയിൽ വീണ്ടും ആന ചാക്കാട് മേഖലയിലേക്ക് തിരിഞ്ഞോടാനുളള ശ്രമംനടത്തി. പുഴയിൽ കുളിക്കാനും കാലികളെ തീറ്റാനും വരുന്നവർക്ക് മുന്നറിയിപ്പുമായി അനൗൺസ്മെന്റും നടത്തി. ആനയെത്തിയതറിയാതെ പുഴക്കരയിൽ തീറ്റാനായി കെട്ടിയിട്ട പശുക്കളെ അഴിച്ചുകൊണ്ടുപോകുന്നതിനും മറ്റുമായി ആളുകൾ പുഴയിലേക്ക് ഇറങ്ങുന്നത് ആശങ്കയുണ്ടാക്കി. ആറളം പാലം വഴിയുള്ള ഗതാഗതവും പൊലീസ് സഹായത്താൽ തടഞ്ഞു. ആനയിറങ്ങിയതറിഞ്ഞ് ആറളം പാലത്തിനടുത്തേക്ക് ആളുകൾ കൂട്ടമായി എത്തിക്കൊണ്ടിരുന്നു. ഇവരെ നിയന്ത്രിക്കുന്നതിന് ആറളം പൊലീസിന്റെയും വനപാലകരുടേയും നേതൃത്വത്തിൽ ഏറെ ശ്രമം നടത്തി. പടക്കം പൊട്ടിച്ചും മരംമുറി യന്ത്രത്തിന്റെ ശബ്ദമുണ്ടാക്കിയും വീണ്ടും ഏറെ പണിപ്പെട്ട് ഉച്ചക്ക് ഒരുമണിയോടെ പാലത്തിനടിയിലൂടെ തുരത്തി പുഴകടത്തി കാപ്പുംകടവ് ഭാഗം വഴി ആറളം ഫാം രണ്ടാം ബ്ലോക്കിനുള്ളിലേക്ക് കടത്തിവിടുകയായിരുന്നു.
വനം വകുപ്പ് ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ, സെക്ഷൻ ഫോറസ്റ്റർമാരായ മഹേഷ്, പ്രകാശൻ, ആർ.ആർ.ടി ഫോറസ്റ്റർമാരായ രാജൻ, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ നിന്നുള്ള വാച്ചർമാരും ആർ.ആർ.ടി സംഘവും ഉൾപ്പെടെ 20തോളം വനപാലകർ തുരത്തലിൽ പങ്കെടുത്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, ആറളം എസ്.ഐ റെജി സ്കറിയ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.