പാലം പണിതിട്ട് വർഷം രണ്ട്; അപ്രോച്ച് റോഡിനായി നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു
text_fieldsഇരിട്ടി: രണ്ടു വർഷം മുമ്പ് പണിത പാലത്തിലൂടെ വാഹനത്തിൽ സഞ്ചരിക്കാനുള്ള യോഗം അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി-ഏഴാംകടവ് നിവാസികൾക്ക് വിധിച്ചിട്ടില്ല. പ്രളയത്തിൽ തകർന്ന പാലത്തിനും അപ്രോച്ച് റോഡിനും വേണ്ടിയുള്ള കാത്തിരിപ്പ് ആറു വർഷമായി തുടരുകയാണ്.
പ്രളയ കാലത്താണ് കുണ്ടൂർ പുഴക്കു കുറുകെയുണ്ടായിരുന്ന ചെറിയ പാലം ഒഴുകിപ്പോയത്. ഇതോടെ പുഴയുടെ ഇരുകരകളിലുമുള്ള നാട്ടുകാർ വലിയ ദുരിതത്തിലായി. പ്രളയ ദുരിതാശ്വാസത്തിനായി കോടികൾ ചിലവിട്ടിട്ടും പാലവും റോഡും യാഥാർഥ്യമായില്ല.
സണ്ണി ജോസഫ് എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും റോഡിനും പാലത്തിനുമായി 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2019 ജനുവരിയിൽ പാലത്തിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. കാസർകോട്ടെ കരാർ കമ്പിനിയാണ് നിർമാണം ഏറ്റെടുത്തത്.
നിർമാണത്തിനിടയിൽ പല വിവാദങ്ങളുമുണ്ടായി. പാതിവഴിയിൽ നിർമാണം ഉപേക്ഷിക്കുകയും ചെയ്തു. ജനങ്ങളുടെ സമ്മർദത്തെ തുടർന്ന് വീണ്ടും പുനരാരംഭിച്ചു. പാലത്തിന്റെ കോൺക്രീറ്റ് തട്ടുപൊളിച്ചപ്പോൾ പാലത്തിന്റെ അടിത്തട്ടിൽ കമ്പിയുൾപ്പെടെ പുറത്തേക്ക് തള്ളിനിന്നത് വലിയ വാർത്തയായി. ഈ തകരാറുകൾ പരിഹരിച്ചെങ്കിലും പാലത്തിലൂടെയുള്ള ഗതാഗതം ഇനിയും സാധ്യമായില്ല.
അപ്രോച്ച് റോഡ് നിർമിക്കാത്തതാണ് കാരണം. റോഡിന്റെ നിർമാണത്തിന് ഫണ്ടില്ലെന്നാണ് ബന്ധപ്പെട്ടവരുടെ വാദം. പൊതുമരാമത്ത് വകുപ്പ് സ്ഥലം പരിശോധന നടത്തി പാലവും അപ്രോച്ച് റോഡുമുൾപ്പെടെ നൽകിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് 45 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്.
പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കരാർ കമ്പിനിക്കോ പൊതുമരാമത്ത് വകുപ്പിനോ വിശദീകരണമില്ല. കഴിഞ്ഞ ദിവസം സണ്ണിജോസഫ് എം.എൽ.എ പാലം സന്ദർശിച്ചു. അവശേഷിക്കുന്ന പ്രവൃത്തി കൂടി ഉടൻ പൂർത്തിയാക്കി തുറന്നുകൊടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.