കാത്തിരിപ്പിന് വിരാമം; ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസ് കെട്ടിടം നാടിന് സമർപ്പിച്ചു
text_fieldsഇരിട്ടി: കീഴൂരിൽ പ്രവർത്തിക്കുന്ന ഉളിയിൽ സബ് രജിസ്ട്രാർ ഓഫിസിന് കിഫ്ബി ധനസഹായത്തോടെ നിർമിച്ച പുതിയ കെട്ടിടം രജിസ്‌ട്രേഷൻ -സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഇതോടെ ദീർഘകാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന രജിസ്ട്രാർ ഓഫിസ് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
കെട്ടിടം പണി പൂർത്തിയായിട്ടും ഏറെക്കാലം അടഞ്ഞുകിടന്നത് വ്യാപക പ്രതിഷേധത്തിനും നാട്ടുകാരുടെ ദുരിതത്തിനും ഇടയാക്കിയിരുന്നു. ചില സംഘടനകൾ പ്രതീകാത്മക ഉദ്ഘാടനം നടത്തി പ്രതിഷേധിച്ചിരുന്നു. ബുധനാഴ്ച രാവിലെ ഓൺലൈനായാണ് മന്ത്രി വാസവൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1.35 കോടി രൂപക്ക് കൺസ്ട്രക്ഷൻ കോർപറേഷനാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. പഴയ രജിസ്ട്രാർ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലം പ്രയോജനപ്പെടുത്തി മൂന്ന് നിലകളിലായി 701 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടമാണ് നിർമിച്ചത്.
പാർക്കിങ്ങും പൊതുജനങ്ങൾക്കുള്ള വിശ്രമമുറിയും ശുചിമുറിയുമെല്ലാം പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നിന്നും ഫയലുകൾ പുതിയ ഓഫിസിലേക്ക് മാറ്റുന്നതോടെ അടുത്ത ആഴ്ചയോടെ പുതിയ ഓഫിസ് പ്രവർത്തനക്ഷമമാകും. ഉദ്ഘാടന ചടങ്ങിൽ സണ്ണി ജോസഫ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
കെ.എസ്.സി.സി റീജനൽ മാനേജർ സി. രാകേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ജില്ല പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.