പെരുമ്പുന്നയിൽ കൃഷിയിടത്തിൽ അജ്ഞാത ജീവി; വനംവകുപ്പ് പരിശോധന
text_fieldsഇരിട്ടി: എടത്തൊട്ടി പെരുമ്പുന്നയിൽ കൃഷിയിടത്തിൽ കണ്ട അജ്ഞാത ജീവി ജനങ്ങളിൽ ഭീതിപരത്തി. കടുവയെന്ന് തോന്നിക്കുന്ന രീതിയിലുള്ള ജീവിയെയാണ് കണ്ടതെന്നാണ് ടാപ്പിങ് തൊഴിലാളികൾ പറയുന്നത്. മേഖലയിൽ പരിശോധന നടത്തിയ വനം വകുപ്പ് പുലിയോ കടുവയോ ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞു. ബുധനാഴ്ച പുലർച്ചെ പെരുമ്പുന്ന മണിയാണി എന്ന സ്ഥലത്ത് പെരുമ്പുന്ന പള്ളിയുടെ അധീനതയിലുള്ള റബർ എസ്റ്റേറ്റിലാണ് ടാപ്പിങ് തൊഴിലാളികൾ അജ്ഞാത ജീവിയെ കണ്ടത്. നീളവും ഉയരവും നീണ്ട വാലും ദേഹത്ത് വരയുമുള്ള ജീവിയെയാണ് കണ്ടതെന്ന് ടാപ്പിങ് തൊഴിലാളികളായ ഷിബു ജോർജും ഭാര്യ ബിന്ദുവും പറഞ്ഞു.
പുലർച്ചെ 4.30ഓടെ തോട്ടത്തിൽ ടാപ്പിങ് ചെയ്യുന്നതിനിടയിൽ 100 മീറ്റർ അകലെ റബർ തോട്ടത്തിലെ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുന്നതാണ് ഇവർ കണ്ടത്. ഹെഡ്ലൈറ്റ് വെളിച്ചം തെളിഞ്ഞതോടെ ജീവി വളരെവേഗത്തിൽ നടന്നുനീങ്ങി. രൂപസാദൃശ്യം കണ്ട് കടുവയെയാണ് കണ്ടതെന്ന് ഉറപ്പിക്കുകയാണ് ഷിബു. ഒരാഴ്ച മുമ്പ് ഈ സ്ഥലത്തുനിന്ന് കടുവയുടേതെന്ന് സംശയിക്കുന്ന അലർച്ച കേട്ടതായും നാട്ടുകാരിൽ ചിലർ പറഞ്ഞു. നാട്ടുകാരുടെയും വനവകുപ്പിന്റെയും നേതൃത്വത്തിൽ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും വരണ്ട പ്രദേശമായതിനാൽ കാൽപാടുകളൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. മഹേഷ്, വാച്ചർ ഒ.സി. സിജി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കടുവയോ പുലിയോ ആകാനുള്ള സാധ്യതയില്ലെന്നും കാട്ടുപൂച്ചയെ പോലുള്ള മറ്റു ജീവികൾ ആകാനുള്ള സാധ്യതയാണെന്നുമാണ് പറയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് എടത്തൊട്ടി മേഖലയിൽ ടാപ്പിങ് തൊഴിലാളികളും യാത്രക്കാരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.