വള്ളിത്തോടിൽ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsഇരിട്ടി: പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. കുടുംബാരോഗ്യ കേന്ദ്രത്തിനായി വള്ളിത്തോട് നിർമിച്ച 2.18 കോടിയുടെ കെട്ടിട സമുച്ഛയം ബുധനാഴ്ച രാവിലെ 11ന് മന്ത്രി വീണ ജോർജ് നാടിനു സമർപ്പിക്കും.
വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് കെട്ടിടം പൂർണമായും തകർന്നത്.
അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സണ്ണി ജോസഫ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. അശോകൻ എന്നിവരുടെ ശ്രമഫലമായാണ് പുതിയ കെട്ടിടം നിർമിക്കാൻ നാഷനൽ റൂറൽ ഹെൽത്ത് മിഷനിൽനിന്നും 2.18കോടി രൂപ അനുവദിച്ചത്.
വള്ളിത്തോട് ഷാരോൺ ഫെലോഷിപ് ചർച്ച് സൗജന്യമായി നൽകിയ ഒന്നര ഏക്കോറോളം വരുന്ന സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഷാരോൺ ചർച്ചിന്റെ പഴയ കെട്ടിടത്തിലാണ് താൽക്കാലികമായി ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്.
രണ്ട് സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
അത്യാഹിത വിഭാഗം, ഗർഭകാല പരിശോധന, വയോജന ക്ലിനിക്, പ്രതിരോധ കുത്തിവെപ്പ്, മുലയൂട്ടൽ കേന്ദ്രം, മൂന്ന് ഒ.പി കൗണ്ടറുകൾ, ലബോറട്ടറി, ഫാർമസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേകം സൗകര്യമുണ്ടാകും.
വിശാലമായ കോൺഫറൻസ് ഹാളും ഉണ്ട്. കിടത്തിച്ചികിത്സയില്ലെങ്കിലും അടിയന്തര ഘട്ടത്തിൽ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാൻ കിടക്ക ഉൾെപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും.
നിലവിൽ പ്രവർത്തിക്കുന്ന ജീവിതശൈലീ രോഗനിർണയ ക്ലിനിക്, ശ്വാസകോശസംബന്ധ അസുഖമുള്ളവർക്കുള്ള ശ്വാസ ക്ലിനിക്, വിഷാദ രോഗികൾക്കായുള്ള ആശ്വാസ് ക്ലിനിക് തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറുന്നതോടെ ഇവയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനാകും.
നിലവിൽ 200 രോഗികൾ ദിനംപ്രതി ആരോഗ്യ കേന്ദ്രത്തിലെത്തുന്നുണ്ട്.
ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി.
മണ്ണിടിച്ചിൽ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് എൻ.എച്ച്.എം ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഒ.പിയിൽ കൂടുതൽ പേർ എത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി, വൈസ് പ്രസിഡന്റ് അഡ്വ.എം. വിനോദ്കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പ്രമീള, മെഡിക്കൽ ഓഫിസർ ഡോ. ജെബിൻ അബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.