വള്ള്യാട് സഞ്ജീവനി ഇനി സസ്യോദ്യാനം
text_fieldsഇരിട്ടി: ചിത്രശലഭങ്ങളുടെയും സസ്യജാലങ്ങളുടെയും അപൂർവയിനം പക്ഷികളുടെയും ഔഷധത്തോട്ടങ്ങളുടെയും കേന്ദ്രമാക്കി വള്ള്യാട് സഞ്ജീവനി ഉദ്യാനത്തെ ബൊട്ടാണിക്കൽ ഗാർഡനാക്കി വികസിപ്പിക്കും. ആദ്യപടിയായി 40 ലക്ഷത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് സ്ഥലം സന്ദർശിച്ച വനം അസി. കൺസർവേറ്റർ ജി. പ്രദീപ് പറഞ്ഞു.
10 ഹെക്ടറിൽ പടർന്നുപന്തലിച്ച ഉദ്യാനം വർഷങ്ങളായി പരിരക്ഷയില്ലാത്ത നിലയിലായിരുന്നു. സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയ വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ്, കേന്ദ്രസർക്കാർ സഹായം കൂടി ലഭ്യമാക്കി വള്ള്യാട് ഉദ്യാനം ബൊട്ടാണിക്കൽ ഉദ്യാന പദവിയിലേക്ക് ഉയർത്തുന്നത്.
10 ഹെക്ടറിനുചുറ്റും സുരക്ഷ മതിൽ നിർമിക്കും. ഇരിട്ടി പുഴയിലെ പഴശ്ശി ജലാശയത്തിന് അഭിമുഖമായുള്ള വടക്കുഭാഗത്ത് ജലസൗന്ദര്യ കാഴ്‌ചകൾ ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ ഒരുക്കും.
ഉദ്യാനമാകെ ചുറ്റിനടന്ന് കാണാൻ നടപ്പാതകൾ തീർക്കും. വനംവകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽനിന്ന് അപൂർവയിനം സസ്യങ്ങൾ, ഔഷധച്ചെടികൾ, നാശോന്മുഖമാവുന്ന ഫലവൃക്ഷങ്ങൾ എന്നിവയെത്തിച്ച് വെച്ചുപിടിപ്പിക്കും.
പെരുമ്പറമ്പിൽ ഈയിടെ വനം വകുപ്പ് ആരംഭിച്ച ഇരിട്ടി ഇക്കോ പാർക്കിലേക്ക് വള്ള്യാടുനിന്ന് സഞ്ചാരികൾക്കായി തുഴവഞ്ചികൾ ഏർപ്പെടുത്താനും പദ്ധതിയുണ്ട്.
വനംവകുപ്പ് ഓഫിസും മ്യൂസിയവും ഇന്റർപ്രട്ടേഷൻ സെന്ററും സജ്ജമാക്കും. പരിസ്ഥിതി ബോധവത്കരണ ക്യാമ്പുകൾക്കും ക്ലാസുകൾക്കും ഗാർഡനിൽ സൗകര്യമൊരുക്കും. പടിയൂരിൽ നടപ്പാക്കുന്ന 5.66 കോടിയുടെ ടൂറിസം പദ്ധതിയുമായി വള്ള്യാട് ഗാർഡൻ, ഇരിട്ടി ഇക്കോ പാർക്ക്, അകംതുരുത്തി ദ്വീപ് എന്നിവയെ കൂട്ടിയിണക്കാനുള്ള സാധ്യതകളും പരിശോധിക്കുകയാണെന്ന് അസി. കൺസർവേറ്റർ പറഞ്ഞു.
നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്‌മാൻ, എൻ.സി.പി ജില്ല സെക്രട്ടറി അജയൻ പായം, കെ. മുഹമ്മദലി, പി. വിജയൻ, പി.പി. അനിതകുമാരി എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.