മണ്ണിടിച്ചിൽ മഴപെയ്താൽ വിളമനയിൽ ഭീതി
text_fieldsഇരിട്ടി: കനത്ത മഴപെയ്താൽ വീട്ടിനുള്ളിൽ ഭീതിയോടെ കഴിയേണ്ട അവസ്ഥയിലാണ് വിളമനയിലെ നാലു കുടുംബങ്ങൾ. മഴയിൽ ദിവസങ്ങളോളം മാറിനിന്ന കുടുംബങ്ങൾ വീണ്ടും വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഭീതി ഒഴിയുന്നില്ല. മാടത്തിൽ-വിളമന റൂട്ടിൽ റോഡിനോട് ചേർന്നുള്ള കുന്ന് വൻതോതിൽ കഴിഞ്ഞദിവസം ഇടിഞ്ഞതോടെയാണ് വീട്ടുകാർ മാറിത്താമസിച്ചത്. മഴ അൽപം മാറിനിന്നതോടെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും മണ്ണിടിച്ചൽ തുടരുകയാണ്.
കുന്നത്തോട് ബിജു, പാനേരി അഷ്റഫ് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ ഭീഷണി. സമീപത്തെ മറ്റു രണ്ട് വീടുകളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്. റോഡിനോട് ചേർന്നുള്ള കുന്ന് മഴക്ക് മുമ്പ് സ്ഥലം ഉടമ നികത്താനായി മണ്ണെടുത്തതോടെയാണ് ഇടിച്ചിൽ ഉണ്ടായത്. മഴയുടെ ആരംഭത്തിൽ ഇടിച്ചിൽ ചെറിയതോതിലായിരുന്നുവെങ്കിൽ ഇപ്പോൾ 30 മീറ്ററിലധികം കുന്ന് ഇടിഞ്ഞ് താഴ്ന്നു. റബർമരങ്ങൾ നിൽക്കുന്ന കുന്നിൽനിന്ന് ചെറിയ കാറ്റിൽ പോലും മരങ്ങൾ നിലംപൊത്തുകയാണ്. കുന്നിൽനിന്ന് നിലക്കാത്ത നീരുറവയുമുണ്ട്. പത്തോളം റബർമരങ്ങളാണ് നിലംപൊത്തിയത്. ഏതുനിമിഷവും നിലം പൊത്താവുന്ന നിലയിൽ മരങ്ങൾ ചരിഞ്ഞ് നിൽക്കുകയാണ്.
മണ്ണിനൊപ്പം കൂറ്റൻകല്ലുകൾ ഇളകി എത്താത്തതാണ് പ്രദേശത്ത് വലിയ അപകടം ഇല്ലാതാക്കിയത്. കഴിഞ്ഞ പ്രളയകാലത്ത് പോലും ഇളക്കം തട്ടാത്ത കുന്നാണ് ഇപ്പോൾ ഇടിഞ്ഞ് നിരങ്ങിക്കൊണ്ടിരിക്കുന്നത്.
റീബിൽഡ് കേരള റോഡിലും ഇടിച്ചിൽ
എടൂർ-പാലത്തുംകടവ് റീബിൽഡ് കേരള റോഡിലും മണ്ണിടിച്ചിലുണ്ട്.
കച്ചേരിക്കടവ് പാലത്തിന് സമീപം ചരൾ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് കഴിഞ്ഞദിവസം ഇടിഞ്ഞത്. കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയ ഭാഗമാണ് ഇടിഞ്ഞത്. അപകടസൂചനയായി റിബൺ കെട്ടി വേർതിരിച്ചിരിക്കുകയാണ് പ്രദേശം.
പുഴയോരം ഇടിയുന്നു; വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു
ശ്രീകണ്ഠപുരം: കൊയ്യം ചെക്കിക്കടവ് പാലത്തിനു സമീപം പുഴയോരം ഇടിഞ്ഞ് വീടുകൾ അപകടക്കെണിയിൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. ചെക്കിക്കടവ് പാലത്തിന് എതിർവശത്തെ പുഴയോര ഭിത്തിയാണ് ഇടിഞ്ഞത്.
ഇവിടത്തെ വലിയ പുരയിൽ ഷാജിയുടെ വീട് അപകടഭീഷണിയിലായി. തുടർന്ന് സാധനങ്ങൾ മാറ്റിയ ശേഷം വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.
മണ്ണിടിച്ചിൽ തുടരുന്നതിനാൽ പുഴയോരത്തെ മറ്റു വീട്ടുകാരും ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.