പാഴ്വസ്തു ശേഖരണ കെട്ടിട സമുച്ചയം; പുഴയതിര് അളവ് തുടങ്ങി
text_fieldsഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന പാഴ് വസ്തു ശേഖരണ കെട്ടിട സമുച്ചയം പാലപ്പുഴയിലെ പുറമ്പോക്ക് ഭൂമിയിൽ സാധ്യമാണോയെന്ന് പരിശോധിക്കുന്നതിനുള്ള നടപടി തുടങ്ങി. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള 136 ഏക്കർ ഭൂമിയിൽ മലയോര ഹൈവേയോട് ചേർന്നുള്ള ഒരുഏക്കർ ഭൂമിയാണ് പുഴയതിര് നിശ്ചയിക്കുന്നതിന് ഇരിട്ടി തഹസിൽദാർക്ക് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താലൂക്ക് സർവേയർ പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സഥലം സന്ദർശിച്ച് അളവ് തുടങ്ങിയത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ പാഴ് വസ്തു സംഭരണ കേന്ദ്രം, ബെയ് ലിങ് യൂനിറ്റ്, ഷ്റഡിങ് യൂനിറ്റ്, ടേക്ക് എ ബ്രേക്ക് എന്നിവയാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. ബാവലി പുഴയുടെ അതിര് അളന്ന് നൽകുന്നതോടെ പ്രേജക്ട് തയാറാക്കി വിവിധ മിഷനുകളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ടി. ബിന്ദു, സെക്രട്ടറി പി.ജെ. ബിജു, ഓവർസിയർ കെ. നുഫൈല, സീനിയർ ക്ലർക്ക് പ്രതീശൻ ഓളോക്കാരൻ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൻ നിഷാദ് മണത്തണ എന്നിവർ സർവേ ചെയ്യാൻ എത്തിയ റവന്യൂ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.