മാലിന്യം തള്ളൽ; കർശന നടപടിക്കൊരുങ്ങി കർണാടക വനംവകുപ്പ്
text_fieldsഇരിട്ടി: മാക്കൂട്ടം വനത്തിനുള്ളിൽ മാലിന്യം തള്ളുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കാൻ കർണാടക വനം വകുപ്പ് നടപടി തുടങ്ങി. ആറ് ദിവസത്തിനുള്ളിൽ മാലിന്യം കയറ്റിയ ആറ് വാഹനങ്ങൾ പിടികൂടി. പിഴയടപ്പിച്ചതിന് പിന്നാലെയാണ് കർണാടക വനം വകുപ്പ് കർശന നടപടികളിലേക്ക് നീങ്ങുന്നത്.
വനത്തിനുള്ളിലെ റോഡിൽ വാഹനം നിർത്തി മദ്യപാനമുൾപ്പെടെ നടത്തുന്നവരെയും മാലിന്യം കയറ്റിവരുന്ന വാഹനങ്ങളും കണ്ടെത്താൻ പ്രത്യേക സംഘത്തെയും നിയോഗിക്കും. പരിശോധനയും പിഴ അടപ്പിക്കലുമൊക്കെ നടത്തിയിട്ടും ദിവസവും രണ്ടും മൂന്നും വാഹനങ്ങളാണ് മലിന്യം കയറ്റി ചുരം പാതയിലേക്ക് വരുന്നത്.
ഇത്തരം വാഹനങ്ങൾ പിടിച്ചെടുത്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നതിലൂടെ രണ്ടര വർഷം തടവും പിഴയും ലഭിക്കുന്ന രീതിയിൽ നടപടികൾ ശക്തമാക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ മാലിന്യവുമായെത്തിയ വാഹനങ്ങളിലെ രണ്ടുപേരെ അറസ്റ്റുചെയ്തു റിമാൻഡിലാക്കി. തലശ്ശേരി- കുടക് അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിൽ ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം തള്ളുന്നത്.
ഇവിടങ്ങളിൽ തള്ളാനായി മാലിന്യവുമായെത്തിയ രണ്ട് ലോറി, ഒരു മിനി ലോറി, രണ്ട് പിക് അപ് ജീപ്പ്, ഒരു കാർ എന്നിവയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരിൽ നിന്നും 38,000 രൂപ പിഴയും അടപ്പിച്ചു.
അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം ചുരത്തിൽ കേരളത്തിൽ വന്ന ലോഡ് ഇറക്കി പോകുന്ന വാഹനങ്ങൾ തിരിച്ചുപോകുമ്പോൾ മാലിന്യം കൊണ്ടുവന്നാണ് ഇവിടെ തള്ളുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാലിന്യം കയറ്റിവിടാൻ മാഫിയ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന സംശയം ബലപ്പെടുകയാണ്.
തുച്ഛമായ പണം നൽകിയാണ് കയറ്റിവിടുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ലോറി ജീവനക്കാർക്ക് 100 രൂപ നൽകിയാണ് നിരവധി ചാക്ക് മാലിന്യം വണ്ടിയിൽ കയറ്റിയത്. കൂട്ടുപുഴ മുതൽ പെരുമ്പാടി വരെയുള്ള കർണാടകയുടെ വനപാതയിൽ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തിയിടുന്നതും മദ്യപിക്കുന്നതും തടയാനും നടപടി ശക്തമാക്കിയിട്ടുണ്ട്.
ടാറിങ് വീതി കഴിഞ്ഞ് വാഹനങ്ങൾ ഒതുക്കിയിടുവാൻ വീതിയുണ്ടായിരുന്ന എല്ലാ ഭാഗങ്ങളിലും മരക്കഷണങ്ങൾ മുറിച്ചിട്ടും കല്ലുകളും മണൽ ചാക്കുകളും നിരത്തിയും തടസ്സങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. കർണാടകയിലേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും മാക്കൂട്ടത്ത് വനം വകുപ്പ് സംഘം പരിശോധിക്കുന്നുണ്ട്. ഞായറാഴ്ചകളിൽ കുടക് യാത്ര നടത്തുന്ന ലഹരി സംഘങ്ങളെ കണ്ടെത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.