മുഴക്കുന്നിലെ കോളനികളിൽ കുടിവെള്ളം കിട്ടാക്കനി
text_fieldsഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കുംഭച്ചാൽ, വടക്കിനിയില്ലം, ചുള്ള്യാട് കോളനിവാസികൾക്ക് ഇത് നരകയാതനയുടെ കാലം. വർധിച്ചുവരുന്ന വേനൽ ചൂടിനോടൊപ്പം നാടും നഗരവും വറ്റിവരളുമ്പോൾ ഒരിറ്റ് ദാഹജലത്തിനായി ഓടുകയാണ് മുഴക്കുന്ന് പഞ്ചായത്തിലെ ഈ മൂന്ന് കോളനിവാസികൾ.
കരിഞ്ഞുണങ്ങുന്ന വേനൽ ചൂടിന്റെ തീക്ഷ്ണത നാടും നഗരവും അനുഭവിക്കുമ്പോൾ മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിക്ക് കുലുക്കമില്ല. പഞ്ചായത്തിലെ മൂന്നു കോളനികളിലെ നൂറിലധികം കുടുംബങ്ങളാണ് ജീവജലത്തിനായി കിലോമീറ്റുകൾ താണ്ടി കുടിവെള്ളം ശേഖരിക്കുന്നത്.
കോളനിയിലെ വീടുകളിലെല്ലാം കുടിവെള്ളത്തിനുള്ള പൈപ്പ് ലൈനും ടാപ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടാപ്പ് തുറന്നാൽ വെള്ളത്തിന് പകരം പ്രത്യക ശബ്ദത്തിൽ വായു മാത്രമാണ് എത്തുന്നത്. രണ്ടു വർഷമായി ഇവിടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട്.
കിയോസ്ക്ക് ടാങ്ക് സ്ഥാപിച്ച് കഴിഞ്ഞ വർഷം വെള്ളമെത്തിച്ചിരുന്നു. ഇക്കുറി ടാങ്കിന് ചോർച്ചയായതോടെ നിറച്ച വെള്ളം മണിക്കൂറുകൾക്കുള്ളിൽ ചോർന്നുപോകുന്നു. ജില്ല പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിക്ക് പകരം സംവിധാനമേർപ്പെടുത്താൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.
മീനച്ചൂടിൽ നിന്നും മേടച്ചൂടിലേക്ക് നാട് കടക്കുമ്പോൾ കുടിവെള്ള വിതരണത്തിനായി ടാങ്ക് സ്ഥാപിച്ച് വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയാണ് അധികൃതർ.
ഒരു മാസത്തിനുള്ളിൽ വെള്ളം നൽകാൻ കഴിയുമെന്ന നേരിയ പ്രതീക്ഷ മാത്രമാണ് ഇപ്പോഴും അധികൃതർക്കുള്ളൂ. കോളനിയിലെ പലകുടുംബങ്ങളും കുടിക്കാനുള്ള വെള്ളത്തിനായി കുന്നും മലയും കയറി നാലും അഞ്ചും പറമ്പുകൾ താണ്ടിയാണ് വെള്ളമെത്തിക്കുന്നത്.
ഇതിൽ പ്രായമായവർ മാത്രമുള്ള കുടുംബങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്. ജില്ല പഞ്ചായത്ത് പദ്ധതി പ്രകാരം സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ മോട്ടോർ കത്തിപ്പോയി. ഇതിനൊപ്പം വൈദ്യുതി ബിൽ കുടിശ്ശികയുമായതോടെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ബിൽ കുടിശ്ശിക അടയ്ക്കാൻ നടപടിയുണ്ടാകാഞ്ഞതിനൊപ്പം പുതിയ മോട്ടോർ വാങ്ങാനും അധികൃതർ താൽപര്യമെടുത്തില്ല.
പഞ്ചായത്ത് വക കുടിവെള്ള വിതരണത്തിന് തീരുമാനമെടുത്തെങ്കിലും വെള്ള ടാങ്ക് സ്ഥാപിക്കുന്നതിലും ത്രീഫെയ്സ് ലൈൻ വലിക്കുന്നതിനും വരുത്തിയ കാലതാമസവും മൂലം കഷ്ടത്തിലായത് പ്രദേശത്തെ നൂറിലധികം കുടുംബങ്ങളായിരുന്നു. ചുള്ള്യാട് കോളനിയിൽ പൊതു കിണർ സ്ഥാപിച്ച് വെള്ളമെത്തിക്കാമെന്ന പ്രതീക്ഷയും ഇതോടൊപ്പം അസ്ഥാനത്തായി.
മൂന്നു കോളനികളിലേക്കും വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കിന്റെ നിർമാണം പൂർത്തിയായി വരികയാണ്. വൈദ്യുതി കണക്ഷൻ ലഭിക്കുന്ന മുറക്ക് വെള്ളം നൽകാൻ കഴിയുമെന്ന് വാർഡ് അംഗം മിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.