സഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ മലയോരത്ത് വെള്ളച്ചാട്ടങ്ങളുടെ പറുദീസ
text_fieldsഇരിട്ടി: മലയോരത്തിന്റെ ഉൾഗ്രാമങ്ങളുടെ ദൃശ്യഭംഗി ആവോളം നുകരാൻ സഞ്ചാരികളെ അയ്യൻകുന്ന് മാടിവിളിക്കുന്നു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതുവരെ സ്ഥാനം ലഭിക്കാത്ത ആറോളം വെള്ളച്ചാട്ടങ്ങളുടെ പറുദീസയാണ് അയ്യങ്കുന്ന്. പേരിലെ അഞ്ചുമലകൾപോലെ ചെറുതും വലുതുമായ മലനിരകളും വെള്ളച്ചാട്ടങ്ങളുമുള്ള പറുദീസയിലേക്ക് എത്താൻ ഇരിട്ടിയിൽനിന്ന് ഏറിയാൽ ഒരുമണിക്കൂർ യാത്ര.
കൂട്ടുപുഴയിൽനിന്ന് ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ നമുക്ക് പാലത്തുംകടവിൽ എത്താം. കുടക്-കേരള മലനിരകളിലെ ഇടതൂർന്ന വനത്തിൽനിന്നും ഒഴുകിയെത്തുന്ന ബാരാപ്പുഴ. പാലത്തുംകടവിന്റെ സുന്ദരിയായ ബാരാപ്പുഴ തന്നെയാണ് ഇവിടത്തെ ശ്രദ്ധാകേന്ദ്രം. ബാരാപ്പോൾ ചെറുകിട ജലവൈദ്യുതി പദ്ധതിപ്രദേശത്തേക്ക് ഓഫ് റോഡ് യാത്ര ഒരുക്കിയാൽ ഇവിടം ടൂറിസം സ്പോട്ടാകുമെന്നതിൽ സംശയമില്ല.
ശാന്തസുന്ദരമായ വെള്ളച്ചാട്ടമാണ് മുച്ചൻപാറ വെള്ളച്ചാട്ടം. ആദ്യകാലത്ത്, മുച്ചൻ കുരങ്ങുകളുടെ താവളമായതുകൊണ്ടാണ് ഈ പേര് വരാൻ കാരണം. പാലത്തുംകടവിനും മുടിക്കയത്തിനും നടുവിൽ മെയിൻ റോഡിൽ നിന്നും ഒരുകിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിവേണം ഇവിടെയെത്താൻ. വെള്ളച്ചാട്ടം വരെ കോൺക്രീറ്റ് റോഡുണ്ടെങ്കിലും വാഹനത്തിൽ എത്തുന്നവർ പ്രദേശവാസികളുടെ സഹായത്തോടെ ഇവിടേക്ക് പോകുന്നതാകും ഉത്തമം.
ബാരാപ്പുഴയിലേക്ക് ഒഴുകിച്ചേരുന്ന മണിയൻകൊല്ലി തോടും ബാരാപ്പുഴയും ഒന്നിക്കുന്ന മനോഹര കാഴ്ചയും സന്ദർശകരെ മനം കുളിർപ്പിക്കും. പാലത്തുംകടവിൽനിന്ന് ഒന്നര കിലോമീറ്ററോളം ഓഫ് റോഡ് യാത്രയാണ് ഇവിടേക്കുള്ളത്. ചെങ്കല്ലിൽ കെട്ടിയ പടവുകൾ ഇവിടത്തെ പ്രത്യേകതയാണ്. മുടിക്കയത്തുനിന്ന് മൂന്ന് കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറിയെത്തുന്ന പാറക്കമല വ്യൂ പോയന്റ് മറ്റൊരു ആകർഷണമാണ്.
അങ്ങാടിക്കടവിൽനിന്ന് വാണിയപ്പാറ വഴി രണ്ടാംകടവിലെത്തിയാൽ ചേട്ടായിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം. അങ്ങാടിക്കടവിൽനിന്നും നാല് കിലോമീറ്റർ സഞ്ചരിച്ച് രണ്ടാംകടവിലെത്തിയാൽ വീണ്ടുമൊരു രണ്ട് കിലോമീറ്റർ പഞ്ചായത്ത് റോഡിലൂടെയും പിന്നീട് അരകിലോമീറ്റർ ഒറ്റയടിപ്പാതയിലൂടെയും സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. മൂന്ന് തട്ടുകളായി താഴേക്ക് പതിക്കുന്ന ചേട്ടായിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് പുതിയ അനുഭവമാകും.
കേരള വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മറ്റൊരു ആകർഷണകേന്ദ്രമാണ് അച്ഛൻ ഒളിച്ചപാറ. മരങ്ങളും കാട്ടുവള്ളികളും ചുറ്റിവളഞ്ഞ് ഒരു വലിയ ഒറ്റപ്പാറ. ചേട്ടായിപ്പാറയുടെ രണ്ടാമത്തെ തട്ടിൽനിന്നും വെള്ളച്ചാട്ടം മുറിച്ചുകടന്നാൽ ഇവിടെ എത്താം. മലയോരത്ത് ഇതുപോലുള്ള നിരവധി ടൂറിസം സാധ്യതകൾ വേറെയുമുണ്ട്. സുരക്ഷവേലികൾ, താമസ-വാഹന സൗകര്യം എന്നിവയൊരുക്കി ബന്ധപ്പെട്ടവർ മേഖലയെ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.