നേരംപോക്ക്-നരിക്കുണ്ടം റോഡിൽ വെള്ളക്കെട്ട് രൂക്ഷം
text_fieldsഇരിട്ടി: ഒറ്റ മഴപെയ്താൽ റോഡ് കുളമാകും എന്നത് ഒരു സാധാരണ പ്രയോഗമാണ്. എന്നാൽ മഴക്കാലം തുടങ്ങിയാൽ അവസാനിക്കുന്നതുവരെ കുളമായിക്കിടക്കുന്ന ഒരു റോഡുണ്ട് ഇരിട്ടി നഗരസഭയിൽ. ഇരിട്ടി താലൂക്ക് ആശുപത്രി റോഡിനെയും നേരംപോക്ക്-എടക്കാനം റോഡിനെയും ബന്ധിപ്പിക്കുന്ന നഗരസഭ എട്ടാം വാർഡിലെ നരിക്കുണ്ടം റോഡാണിത്. ഒരു കിലോമീറ്ററിന് താഴെമാത്രം ദൂരമുള്ള നിരവധി കുടുംബങ്ങൾ അധിവസിക്കുന്ന റോഡിൽ വെള്ളക്കെട്ടിന് പുറമേ റോഡാകെ തകർന്ന് ഇന്ന് ദയനീയമായ അവസ്ഥയിലാണ്.
പായം പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹൈസ്കൂൾ കുന്നിലെ വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്കിൽനിന്ന് ഇരിട്ടി പുഴവഴി കടന്നുപോകുന്ന പൈപ്പ് ലൈനുകൾ ഈറോഡ് വഴിയാണ് കടന്നുപോകുന്നത്. കാലവർഷം തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾ മുമ്പാണ് റോഡ് കീറി പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്. ഇത് പൂർവസ്ഥിതിയിലാക്കുന്നത് താമസിച്ചതോടെ കാലവർഷം തുടങ്ങുകയും ശക്തമായ മഴയിൽ ഹൈസ്കൂൾ കുന്നിൽനിന്ന് ഒഴുകിവന്ന വെള്ളത്തിൽ മണ്ണൊലിച്ചുപോയി റോഡിനിരുവശവും വലിയ ചാലുകൾ രൂപപ്പെടുകയും ചെയ്തു. വെള്ളത്തോടൊപ്പം ഒഴുകിവന്ന കല്ലും മണ്ണും റോഡിന്റെ പലഭാഗങ്ങളിലും അടിയുകകൂടി ചെയ്തതോടെ ഇതുവഴി ഇരുചക്ര വാഹനയാത്രപോലും ദുസ്സഹമായി മാറി. ഓട്ടോറിക്ഷകളും ഓട്ടം നിർത്തി.
റോഡ് എടക്കാനം റോഡിലേക്ക് എത്തിച്ചേരുന്നതിന് മുമ്പുള്ള വളവിൽ മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ടാർ ചെയ്യുന്നതിന് മുമ്പ് മൺറോഡായിരുന്ന കാലത്തും ഇവിടെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റോഡിനരികിലൂടെ കല്ലിട്ടാണ് അന്ന് കാൽനടയാത്രക്കാർ ഈ ചളിക്കുളം കടന്നു പോയിരുന്നത്. എന്നാൽ റോഡ് ടാർചെയ്യുന്ന സമയത്ത് ഇവിടം ഉയർത്തി വെള്ളം ഒഴുക്കിക്കളയാനുള്ള നടപടി ഉണ്ടായില്ല. ഇതാണ് മഴക്കാലം തുടങ്ങി അവസാനിക്കുന്നതുവരെ ഇവിടെ വെള്ളം കെട്ടിനിൽക്കൽ പ്രതിസന്ധി ഉണ്ടാകാൻ ഇടയാക്കിയത്. റോഡിന്റെ ഈ ദുരിതാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
റോഡിന്റെ ഇന്നത്തെ അപകടാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ നഗരസഭ ആരംഭിച്ചിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ കെ.നന്ദനൻ പറഞ്ഞു. പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡ് കീറിയതും ഉടനെ മഴ ആരംഭിച്ചതുമാണ് പ്രതിസന്ധിക്കിടയാക്കിയതെന്നും നന്ദനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.