വാരാന്ത്യ കർഫ്യൂ: കർണാടക യാത്ര ഇനി ഇരട്ടിദുരിതം
text_fieldsഇരിട്ടി: കോവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂമൂലം മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാർ ദുരിതത്തിലായി.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കർഫ്യൂ നിലവിൽ വന്നത്. അവശ്യ സർവിസും അടിയന്തര യാത്രകളും ഒഴികെയുള്ള സഞ്ചാരങ്ങൾ പൂർണമായും തടഞ്ഞു. കർഫ്യൂ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ്.
നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നിയന്ത്രണം. നിലവിൽ ചുരംപാത വഴി കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചരക്കുവാഹന തൊഴിലാളികൾക്ക് 14 ദിവസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റും വേണം.
കർഫ്യൂ പ്രഖ്യാപിച്ച കാര്യമറിയാതെ നിരവധി യാത്രക്കാരാണ് ചുരംപാത വഴി കർണാടകയിലേക്ക് പോകാൻ എത്തിയത്.മാക്കൂട്ടം ചെക്ക്പോസ്റ്റിൽ ബാരിക്കേട് സ്ഥാപിച്ച് വാഹനങ്ങളേയും യാത്രക്കാരേയും തടഞ്ഞു. ഇതിനായി വീരാജ്പേട്ട എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചു പൊലീസുകാരേയും മൂന്ന് ഹോംഗാർഡിനേയും നിർത്തിയിരുന്നു.
ആർ.ടി.പി.സി.ആർ ഉള്ളവർക്കും പ്രവേശനാനുമതി നൽകിയില്ല. ബംഗളൂരു വിമാനത്താളത്തിൽ എത്തേണ്ടവർക്ക് ശനിയാഴ്ചത്തെ വിമാന ടിക്കറ്റ് ഉള്ളവരെ വരെ മാത്രമേ കടത്തിവിട്ടുള്ളൂ. മരണ വീടുകളിലും വിവാഹവീടുകളിലും പോകേണ്ടവർക്ക് പ്രദേശത്തെ ജനപ്രതിനിധികളുടെ കത്ത് വേണം. വിവാഹ കത്തും മരിച്ചയാളുടെ വിവരങ്ങളും ഹാജരാക്കിയവർക്ക് മാത്രമേ പ്രവേശനം നൽകിയുള്ളൂ. ആശുപത്രി ആവശ്യങ്ങൾക്ക് പോകേണ്ടവർക്ക് ഡോക്ടറുടെ കുറിപ്പും നിർബന്ധമാണ്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാൽ പലരും തിരിച്ചുപോയി. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി എത്തിയവർക്ക് ഇത് വലിയ തിരിച്ചടിയായി. തിങ്കളാഴ്ച പുലർച്ചെ കർഫ്യൂ നീങ്ങി പ്രവേശനാനുമതി കിട്ടുമ്പോഴേക്കും ആർ.ടി.പി.സി.ആറിന്റെ കാലാവധി കഴിയുന്നതിനാൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.