കടുവഭീതി; ഇന്ന് വ്യാപക തിരച്ചിൽ
text_fieldsഇരിട്ടി: കടുവഭീതിയിൽ തുടരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ബുധനാഴ്ച രാവിലെ മുതൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടത്തുമെന്ന് സ്ഥലത്തെത്തിയ കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്ക് ഉറപ്പുനൽകി.
കഴിഞ്ഞദിവസം കണ്ടെത്തിയ കാൽപാടുകൾ കടുവയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. ഇതേത്തുടർന്നാണ് ഡി.എഫ്.ഒ സ്ഥലത്തെത്തിയത്. വനംവകുപ്പ് നൽകിയ ഉറപ്പുകളും വാഗ്ദാനങ്ങളും നടപ്പാക്കിയില്ലെന്ന് വിളമന സെന്റ് ജൂഡ് പള്ളി ഹാളിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു. നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന ഉറപ്പും നാല് വാഹനങ്ങളിൽ രാത്രി പട്രോളിങ് നടത്തുമെന്ന തീരുമാനവും വനംവകുപ്പ് നടപ്പാക്കിയില്ലെന്ന് യോഗത്തിൽ പരാതിയുയർന്നു.
റബർ ടാപ്പിങ് തൊഴിലാളികളും പുലർച്ച ജോലിക്ക് പോവുന്നവരും വിദ്യാർഥികളും അടക്കം കടുവഭീതിയിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറഞ്ഞു. ഭീതിയകറ്റാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടു.
ആവശ്യമായ വാഹനങ്ങളും സന്നാഹങ്ങളുമൊരുക്കി ബുധനാഴ്ച രാവിലെ മുതൽ, കടുവയുണ്ടെന്ന് കരുതുന്ന മേഖലയിലെ കാടുപിടിച്ച തോട്ടങ്ങളിൽ തിരച്ചിൽ നടത്തുമെന്ന് ഡി.എഫ്.ഒ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, എം.എസ്. അമർജിത്ത്, ബിജു കോങ്ങാടൻ, ഫാ. ഏലിയാസ്, അജയൻ പായം, കെ. ബാലകൃഷ്ണൻ, അനിൽ എം. കൃഷ്ണൻ, വനം റേഞ്ചർമാരായ പി. രതീശൻ, സുധീർ നരോത്ത്, ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവർ സംസാരിച്ചു.
ഇരിട്ടി-കൂട്ടുപുഴ പാതയിൽ കടുവ
ഇരിട്ടി: ഉളിക്കൽ, പായം മേഖലകളിൽ ദിവസങ്ങളായി ഭീതിപരത്തിയ കടുവ ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാത മുറിച്ചു കടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികർ. ചൊവ്വാഴ്ച രാത്രി എട്ടോടെ കൂട്ടുപുഴ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന കാർ യാത്രികരായ സ്ത്രീകൾ അടങ്ങിയ കുടുംബമാണ് ആദ്യം കടുവയെ കണ്ടതായി പറഞ്ഞത്.
മാടത്തിൽ 29ാം മൈലിൽ ബെൻഹിൽ സ്കൂളിന് സമീപം റോഡിലേക്ക് ചാടിയതായാണ് ഇവർ പറഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി. ഇതിനുശേഷം ഒമ്പതോടെ കടുവ ആദ്യംകണ്ട സ്ഥലത്തിനും ഏതാനും അകലെനിന്ന് റോഡ് മുറിച്ചുകടന്ന് ബെൻഹില്ലിന് എതിർവശത്തുള്ള റബർ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി ഇതുവഴി വന്ന ലോറിയിലുണ്ടായിരുന്നവരും പറഞ്ഞു.
പായം പഞ്ചായത്തിലെ കുന്നോത്ത് മൂസാൻ പീടികക്കു സമീപം കടുവ ഉള്ളതായി സംശയിക്കുന്നു. വനപാലകരും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി മേഖലയിലെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.