കാട്ടുപന്നിപ്പേടി: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
text_fieldsഇരിട്ടി: കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടർന്ന് തില്ലങ്കേരി പുള്ളിപ്പൊയിലിൽ വാഴകൃഷി ചെയ്ത കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു.
പ്രദേശത്തെ കർഷകെൻറ ആയിരത്തി ഇരുനൂറോളം വാഴകളിൽ പകുതിയിലധികവും കാട്ടുപന്നികൾ നശിപ്പിച്ചു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കാട്ടുപന്നിശല്യം അതിരൂക്ഷമാണ്. നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷികവിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത് തടയാൻ വേലിയും മറ്റ് പ്രതിരോധമാർഗങ്ങളും കർഷകർ തീർക്കുന്നുണ്ടെങ്കിലും എല്ലാം മറികടന്നാണ് വിളകൾ നശിപ്പിക്കുന്നത്.
വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വെടിവെച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് കർഷകർ പറയുന്നത്. തില്ലങ്കേരി പുള്ളിപ്പൊയിലിൽ വാഴകൃഷി ചെയ്ത ആലയാടിലെ സരസ്വതി നിവാസിൽ സി.കെ. കൃഷ്ണൻ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്.
ഒന്നര ഏക്കറിൽ കൃഷി ചെയ്ത 1200 വാഴകളിൽ അറുനൂറിലധികം വാഴയാണ് ഒന്നരമാസത്തിനുള്ളിൽ നശിപ്പിച്ചത്. ജലസേചന സൗകര്യമില്ലാത്ത പ്രദേശത്ത് 15,000 രൂപ ചെലവിൽ പൈപ്പ് സ്ഥാപിച്ചാണ് വെള്ളമെത്തിച്ചത്. ഒരു വാഴക്ക് 30 രൂപ പാട്ടം നൽകിയാണ് കൃഷിചെയ്തത്. ഒന്നര ഏക്കർ ഭൂമിയിലെ പകുതി വാഴകൃഷി നശിപ്പിച്ചതോടെ ഇവിടെ തരിശുഭൂമിയായി. കുരങ്ങുശല്യവും രൂക്ഷമാണെന്ന് കൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.