ജനവാസ മേഖലയിൽ വീണ്ടും കാട്ടുപന്നിക്കൂട്ടം; വൻ കൃഷിനാശം
text_fieldsഇരിട്ടി: പെരുപറമ്പ് ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിനവും കാട്ടു പന്നിക്കൂട്ടം എത്തി വൻ കൃഷി നാശം വരുത്തി. കഴിഞ്ഞ രാത്രി കൂട്ടമായി എത്തിയ പന്നികൾ മാതോളി ശ്രീനിവാസൻ, മന്നമ്പേത്ത് പ്രമോദ് കുമാർ എന്നിവരുടെ കൃഷിയിടത്തിൽ നിന്നും കപ്പ, ചേന, ചേമ്പ്, കൂവ എന്നിവ വ്യാപകമായി നശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയും ഇവിടെ പന്നിക്കൂട്ടം എത്തി വാഴ കർഷകനായ ജോണി യോയാക്കിന്റെ 200ഓളം നേന്ത്രവാഴയും കപ്പയും നശിപ്പിച്ചിരുന്നു. മാതോശി ശ്രീനിവാസൻ കൃഷിയിടത്തിന് ചുറ്റും സാരിക്കൊണ്ട് വേലി തീർത്താണ് കൃഷിയിറക്കിയത്. വിളവെടുപ്പിന് പാകമായി വരുന്ന നിരവധി ചുവട് കപ്പയും കൂവയും ചേമ്പുമാണ് പൂർണമായും നശിപ്പിച്ചത്. പ്രമോദ് കുമാറിന്റെ വീട്ടുപറമ്പിലെ ചേനയും ചേമ്പും നശിപ്പിച്ചു. വനംവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഉപദ്രവകാരികളായ പന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിന്റെ സഹായം തേടാൻ കർഷകരോട് ആവശ്യപ്പെട്ടു.
ഫോറസ്റ്റർ സുനിൽകുമാർ ചെന്നപൊയിൽ, ബീറ്റ് ഫോറസ്റ്റർ ഈടൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നഷ്ടങ്ങൾ വിലയിരുത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ കർഷകരോട് ആവശ്യപ്പെട്ടു.
വനമേഖലയിൽ നിന്നും കിലോമീറ്ററോളം അകലെയുള്ള ജനവാസ മേഖലയാണ് കാട്ടുപന്നികൾ താവളമാക്കി മാറ്റിയിരിക്കുന്നത്. മേഖലയിൽ ഒന്നും കൃഷിചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പന്നികളെ വെടിവെച്ചു കൊല്ലാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.