പേരട്ടയിൽ പിൻവാങ്ങാതെ കാട്ടാന
text_fieldsഇരിട്ടി: കാട്ടാനയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ പേരട്ട കുണ്ടേരി ഉപദേശിക്കുന്നിൽ ആനയെ കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം വിജയം കണ്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ സജീവ് ജോസഫ് എം.എൽ.എയും ദൗത്യത്തിനായി എത്തിയിരുന്നു. 10 ദിവസമായി ആനയുടെ ഉപദ്രവം കാരണം നാട്ടുകാർ ഉറക്കമൊഴിച്ച് കാത്തിരുന്നാണ് ആനയെ ഓടിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയും ആന ഇറങ്ങി. ഇതോടെയാണ് നാട്ടുകാർക്കൊപ്പം എം.എൽ.എയും രാത്രി 12ന് തന്നെ സ്ഥലത്തെത്തിയത്. വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പുനൽകി. ആനയെ ഓടിക്കാനായി വനംവകുപ്പിന്റെ വാഹനങ്ങൾ ഉൾപ്പെടെ കടന്നുചെല്ലാൻ ജനകീയ പങ്കാളിത്തത്തോടെ പുതിയ റോഡ് നിർമിക്കും. കർണാടക വനത്തിൽ നിന്നും എത്തുന്ന ആനയുടെ ശല്യം കൂടിയതോടെ നാട്ടുകാരും വനം വകുപ്പും ചേർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിർത്തിയിലെ സോളാർ വേലികൾ പുനഃസ്ഥാപിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം 5.30 ഓടെ വേലികൾ പുനഃസ്ഥാപിച്ചെങ്കിലും ചാർജ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചാർജ് ചെയ്യാത്ത വേലി തകർത്താണ് 6.30 ഓടെ ആനക്കൂട്ടം അകത്തുകയറിയത്. ഇതോടെ വീണ്ടും വേലിയുടെ അറ്റകുറ്റ പണികൾ തീർത്ത് ചാർജ് ചെയ്യേണ്ട സാഹചര്യമാണ്. ഇന്നലെ രാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറാതെ നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.