കച്ചേരിക്കടവിൽ കാട്ടാന ശല്യം ഒഴിയുന്നില്ല
text_fieldsഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ കാട്ടാനശല്യം തുടരുന്നു. മുടിക്കയത്തെ ഇല്ലിക്കക്കുന്നേൽ ജോഷി, ഷിനു നടുവത്ത്, കനകമ്മ എന്നിവരുടെ കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. 20ഓളം തെങ്ങ്, കവുങ്ങ്, വാഴ എന്നിവയും ജോഷിയുടെ വീട്ടുമുറ്റത്തെ പട്ടിക്കൂടും തകർത്തു. തിങ്കളാഴ്ച രാത്രി രണ്ടരയോടെയാണ് സംഭവം. കൂട്ടത്തോടെ എത്തിയ ആനകൾ മുന്നിൽക്കണ്ട വിളകളെല്ലാം നശിപ്പിക്കുകയായിരുന്നു. ജോഷിയുടെ വീട്ടുമറ്റത്തെത്തി ചിഹ്നം വിളിച്ച ആന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടം കശുമാവിൻ തോട്ടങ്ങളിലാണ് വ്യാപക നാശം വിതക്കുന്നത്. കശുമാങ്ങകൾ മുഴുവൻ തിന്നു തീർക്കുന്ന ആനക്കൂട്ടം ഇപ്പോൾ തെങ്ങും കവുങ്ങും വാഴയും അടക്കം നശിപ്പിക്കുകയാണ്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ 100 ഏക്കറിന് മുകളിൽ വരുന്ന സ്ഥലം കാടുപിടിച്ചു കിടക്കുന്നത് ആനകൾ താവളമാക്കിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത കർഷകൻ സുബ്രഹ്മണ്യന്റെ ഭാര്യ കനകമ്മയുടെ ആൾത്താമസമില്ലാത്ത വീടിന് നേരെയും ആനയുടെ ആക്രമണം ഉണ്ടായി. വീടിന്റെ സമീപത്തെ വിറകുപുരയും ബാത്റൂമിന് മുകളിൽ വലിച്ച് കെട്ടിയിരുന്ന ഷീറ്റും മുറ്റത്തെ വാഴയും ആന നശിപ്പിച്ചു. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.