കച്ചേരിക്കടവിൽ കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsഇരിട്ടി: കച്ചേരിക്കടവ് ടൗൺ പരിസരത്ത് കാട്ടാന ആക്രമണത്തിൽ വ്യാപക കൃഷി നാശം. വളവുപാറ-കച്ചേരിക്കടവ് -പാലത്തിൻകടവ് റീബിൽഡ് കേരള റോഡിൽ തമ്പടിച്ച കാട്ടാനകൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. നരിമറ്റത്തിൽ സണ്ണി ഫ്രാൻസിസിന്റെ പറമ്പിൽ ഇന്നലെ പുലർച്ച മൂന്നോടെ എത്തിയ രണ്ട് ആനകൾ 50 വാഴകളും 75 ചുവട് മരച്ചീനിയും 25 ചേനയും രണ്ട് മാവും നശിപ്പിച്ചു. മരച്ചീനി പറിച്ചെടുത്ത് തിന്ന നിലയിലാണ്. മൂന്ന് വർഷം മുമ്പും സണ്ണി ഫ്രാൻസിസിന്റെ 750 ചുവട് മരച്ചീനിയും 50 വാഴയും കാട്ടാനക്കൂട്ടം നശിപ്പിച്ചിരുന്നു.
കർണാടക വനത്തിൽ നിന്നാണു ബാരാപോൾ പുഴ മുറിച്ചു കടന്നു കാട്ടാനകൾ എത്തിയത്. മാസങ്ങളായി കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ് പ്രദേശങ്ങളിൽ സ്ഥിരമായി കാട്ടാനകൾ കൃഷി നശിപ്പിക്കുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു നേരത്തേ ഡി.എഫ്.ഒ ഉൾപ്പെടെയുള്ള സംഘമെത്തി അതിർത്തിയിൽ സോളാർ തൂക്കുവേലി നിർമിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. തൂക്കുവേലിക്കായി സ്ഥലം ഉടമകളുടെ യോഗം വിളിച്ചു ചേർത്തെങ്കിലും നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല. പ്രവൃത്തി ഇനിയും വൈകിയാൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അറിയിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താന്നി, സെലീന ബിനോയി എന്നിവരും ഒപ്പമുണ്ടായിരുന്നു. വനം ഇരിട്ടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി. കൃഷ്ണശ്രീ, എം. അമൽ, വാച്ചർ അഭിജിത്ത് എന്നിവരും സ്ഥലം സന്ദർശിച്ചു. കേടായ പാലത്തുംകടവ് കരി മുതൽ പൊട്ടിച്ചപ്പാറ വരെയുള്ള അഞ്ചു കി.മീറ്റർ സോളർ വേലി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പ്രവൃത്തിയും നടന്നില്ല.
കച്ചേരിക്കടവ് പാലം മുതൽ ബാരാപോൾ വരെ 6.5 കിലോമീറ്ററിൽ 52 ലക്ഷം രൂപയുടെയും കരി -പാറയ്ക്കാമല നാല് കി.മീറ്റർ ദൂരം 48 ലക്ഷം രൂപയുടെയും പുല്ലൻപാറത്തട്ട് - കരി 1.5 കിലോമീറ്റർ ദൂരം 12 ലക്ഷം രൂപയും ചെലവിൽ സോളർ തൂക്കുവേലി നിർമിക്കേണ്ട പദ്ധതികൾ മൂന്നു തവണ ടെൻഡർ വിളിച്ചിട്ടും ആരും കരാർ എടുത്തിട്ടില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.