കാട്ടാന ഭീതി; കൃഷിയിടങ്ങളിലിറങ്ങാൻ കഴിയുന്നില്ല; തൊട്ടിപ്പാലത്ത് കുടുംബങ്ങൾ പലായനം തുടങ്ങി
text_fieldsഇരിട്ടി: സ്വന്തമായി ഒന്നോ രണ്ടോ ഏക്കർ ഭൂമിയുണ്ട്, എന്നാൽ ജീവിക്കാൻ വരുമാനമില്ല. ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് ഉളിക്കൽ പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ തൊട്ടിപ്പാലം കുണ്ടേരി ഉപദേശിക്കുന്ന് നിവാസികൾ. കാട്ടാനക്കൂട്ടമുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ് ഇവിടെ. ജീവിത സമ്പാദ്യമെല്ലാം കാട്ടുമൃഗങ്ങൾക്ക് മുന്നിൽ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട ഗതികേടിലാണ് തൊട്ടിപ്പാലം നിവാസികൾ.
കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയാന ഉൾപ്പെടെ ആറ് ആനകൾ അടങ്ങുന്ന ആനക്കൂട്ടം ഭീകരാന്തരീക്ഷം സൃഷ്ഠിക്കാൻ തുടങ്ങിയിട്ട്. ആക്രമണകാരിയായ ഒന്നരക്കൊമ്പൻ ആനയും പകൽ സമയങ്ങളിൽ പോലും ചിന്നം വിളിച്ച് എത്തുന്നതായി നാട്ടുകാർ പറയുന്നു. കൃഷിയിടത്തിൽ ഇറങ്ങുന്ന ആനക്കൂട്ടം കശുമാവ്, വാഴ, പ്ലാവ്, കടപ്ലാവ്, മാവ് തുടങ്ങിയവ നശിപ്പിക്കുന്നു. കർണാടക വനത്തിൽ നിന്നിറങ്ങുന്നതാണ് ആനക്കൂട്ടം. കശുവണ്ടി കർഷകരായ ഇവർക്ക് വിളവെടുക്കാൻ കഴിയാത്തത് സാമ്പത്തിക നഷ്ടത്തിനിടയാക്കുന്നു. കുടിയേറ്റ മേഖലയായ ഇവിടെ നിന്നും മുപ്പതോളം കുടുംബങ്ങളാണ് ഇതുവരെ വന്യമൃഗങ്ങളെ ഭയന്ന് ഏക്കറുകളോളം ഭൂമി ഉപേക്ഷിച്ച് വാടകവീടുകളിലും മറ്റുമായി കഴിയുന്നത്.
ഇവിടെതന്നെ കഴിയുന്നത് കറുകപ്പള്ളിൽ ജെയിംസും കുടുംബവും മാത്രമാണ്. ഇന്നലെ രാത്രി ഇവരുടെ വീടിന് പിന്നിലെത്തിയ ഒറ്റക്കൊമ്പനും സംഘവും ഭീതി സൃഷിടിച്ചാണ് തിരിച്ചുപോയതെന്ന് ജെയിംസ് പറയുന്നു. പരീക്ഷക്കാലമായതോടെ കുട്ടികളുടെ പഠനത്തെയും ആന ഭീതി ബാധിക്കുന്നു. ജോളി ഏരത്ത്കുന്ന്, പീതാംബരൻ കുറുപ്പശേരി, വട്ടമറ്റം ഔസേപ്പ്, കൊച്ചൗസേപ്പ് കീഴ്വാറ്റിൽ എന്നിവരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി ആനക്കൂട്ടം നാശം വിതക്കുന്നത്.
കഴിഞ്ഞ ദിവസം ടാപ്പിങിനും കശുവണ്ടി ശേഖരിക്കാനും പോയ സ്ഥലമുടമകളായ കർഷകരുടെ പിന്നാലെ ആനക്കൂട്ടം ഓടിയടുത്തെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടു. വനപാലകരെ വിവരം അറിയിച്ചാൽ പോലും കിലോമീറ്റർ ദൂരമുള്ള പാടാംകവലയിൽ നിന്നും ഉദ്യോഗസ്ഥർ എത്തി വേണം ആനയെ ഓടിക്കാൻ. യാതൊരു സംവിധാനങ്ങളും വാഹന സൗകര്യങ്ങളും ഇല്ലാത്ത വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ആനക്കൂട്ടം എല്ലാം നശിപ്പിച്ച് കാടുകയറിയിരിക്കും.
നാലുവർഷം മുമ്പ് സ്ഥാപിച്ച വൈദ്യുതി വേലി ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. മരങ്ങൾ വീണും മറ്റും തകരുന്ന വേലി പുനർനിർമിക്കാൻ വനം വകുപ്പിന് കഴിയാത്തതാണ് വന്യമൃഗശല്യം കൂടാൻ കാരണം. പുതുതായി 12 കിലോമീറ്റർ വൈദ്യുതി വേലി അനുവദിച്ചിട്ടുണ്ടെന്ന് വനം വകുപ്പ് പറയുന്നുണ്ടെങ്കിലും സ്ഥാപിച്ച വേലി പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വനം വകുപ്പ്. എം.എൽ.എ സജീവ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, പഞ്ചായത്തംഗം അഷറഫ് പാലിശ്ശേരി എന്നിവർ ഇടപെട്ടതിനാൽ വനം വകുപ്പും ഉളിക്കൽ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.