കാട്ടാന ഭീതി; മാട്ടറയിൽ വൈദ്യുതി വേലി സ്ഥാപിക്കും
text_fieldsഇരിട്ടി: ഉളിക്കൽ പഞ്ചായത്തിനെ ഭീതിയിലാഴ്ത്തിയ കൊമ്പനാനയെ കാടുകയറ്റിയ മാട്ടറ പീടികകുന്ന് പുഴയുടെ കുറുകെ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാൻ വനം വകുപ്പ് നടപടി ആരംഭിച്ചു. ഒരു പകൽ നാടിനെ വിറപ്പിച്ച കൊമ്പൻ ബുധനാഴ്ച രാത്രി 7.30ന് മാട്ടറ വാർഡ് പരിധിയിൽ എത്തുകയായിരുന്നു. 11 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വ്യാഴാഴ്ച രാവിലെ 6.30ന് ആനയെ കർണാടക വനത്തിൽ കയറ്റി വിട്ടിരുന്നു.
മാട്ടറ വാർഡിൽ കൃത്യമായി പ്രവർത്തിക്കുന്ന സോളാർ ഫെൻസിങ് ആനക്ക് കടന്നു പോകാനായി രാത്രി തന്നെ ഓഫ് ചെയ്തിരുന്നു. പുലർച്ചയോടെ നാട്ടിൽനിന്ന് തുരത്തിയ ആന പുഴയിൽ കുറുകെ കെട്ടിയ ഫെൻസിങ്ങിന് അടിയിലൂടെയാണ് കടന്നുപോയത്. ഫെൻസിങ് തൊടാതെ ആന നീങ്ങിയതോടെ പുഴയിലൂടെ ആന ഇനിയും ഇറങ്ങുമെന്ന ആശങ്കയുണ്ടായി.
വിഷയം ഗൗരവമായെടുത്ത് പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് സംഘം സ്ഥലത്തെത്തി പ്രവൃത്തിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു. പുഴക്ക് കുറുകെയുള്ള ലൈൻ എണ്ണം കൂട്ടിയാലും പുഴയിൽ വെള്ളം ഉയരുമ്പോൾ പൊട്ടുമെന്നതിനാൽ, ഉയരത്തിൽ പോസ്റ്റുകളിട്ട് പുഴക്ക് കുറുകെ മുകളിൽ ലൈൻ വലിച്ച് ഹാങ്ങിങ് ഫെൻസിങ് ആണ് ഉചിതമെന്ന് വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ച വരെ ദൗത്യ സംഘത്തിൽ ഉറക്കംപോലും ഉപേക്ഷിച്ച മുഴുവൻ ഉദ്യോഗസ്ഥരും അവധി എടുക്കാതെയാണ് സ്ഥലത്ത് എത്തിയത്. അടുത്ത ദിവസം ഡി.എഫ്.ഒ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ എസ്റ്റിമേറ്റ് അവതരിപ്പിക്കും. ഉടൻ അടിയന്തര പ്രാധാന്യത്തോടെ പ്രവൃത്തി പൂർത്തീകരികും.
ആന ഇറങ്ങിയെന്ന് കരുതുന്ന കമ്പിപ്പാലം പീടികക്കുന്ന് ഭാഗത്ത് ഒരു കിലോമീറ്റർ ഫെൻസിങ് ഇല്ലായിരുന്നു. അതും ഉടൻ ടെൻഡർ ചെയ്യും. കാലാങ്കി ഉൾപ്പെടെയുള്ള വനമേഖലയിലെ ഫെൻസിങ് അറ്റകുറ്റപ്പണികളും നടത്തും.
എസ്റ്റിമേറ്റ് തയാറാക്കാനുള്ള സംഘത്തിൽ ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ബിജു ആന്റണി, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം. രഞ്ജിത്, വാച്ചർമാരായ സി.കെ. അജീഷ്, അഖിൽ ബിനോയ്, പ്രസാദ് എന്നിവരും മാട്ടറ വാർഡ് അംഗം സരുൺ തോമസും പങ്കെടുത്തു.
നാടിനെ ഭീതിയിലാഴ്ത്തിയ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താൻ വനം വകുപ്പ് അടിയന്തര പ്രാധാന്യത്തോടെ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്നും ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രവർത്തനം നാട് നന്ദിയോടെ ഓർക്കുമെന്നും വാർഡ് അംഗം സരുൺ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.