ആറളത്ത് കാട്ടാനകളുടെ പരാക്രമം
text_fieldsഇരിട്ടി: കാട്ടാന ഭീതി മലയോര മേഖലയിൽ വിട്ടൊഴിയുന്നില്ല. ആറളം പഞ്ചായത്തിലെ പുതിയങ്ങാടിയിലും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ കൂടലാടും എത്തിയ ആനക്കൂട്ടം വ്യാപക നാശം വരുത്തി. കൂടലാട് മലയോര ഹൈവെയോട് ചേർന്ന വീട്ടിൽ എത്തിയ ആനകൾ വീടിന്റെ പിറകുവശത്തെ മതിൽ ഭാഗികമായി തകർത്തു. വീട്ടുമുറ്റത്തേക്ക് കയറാൻ ശ്രമം നടത്തിയെങ്കിലും വലിയ തിട്ട കാരണം പരാജയപ്പെട്ടു. കൂടലാട്ടെ ജി. ബിജുവിന്റെ വീടിന് നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. വീടിന്റെ പിറകുവശത്തെ വാഴക്കൂട്ടം പൂർണമായും നശിപ്പിച്ചു. പുഴയോട് ചേർന്ന ഭാഗത്ത് സ്ഥാപിച്ച തൂക്കുവേലിയും തകർത്തു.
ഒരാഴ്ചക്കിടയിൽ രണ്ടാം തവണയാണ് ആനക്കൂട്ടം വീട്ടിനടുത്ത് എത്തുന്നതെന്ന് ബിജു പറഞ്ഞു. ആറളം ഫാം രണ്ടാം ബ്ലോക്കിൽനിന്ന് ബാവലി പുഴ കടന്നാണ് കൂടലാട് മേഖലയിലേക്ക് ആനക്കൂട്ടം എത്തുന്നത്. എടൂർ-മണത്തണ മലയോര ഹൈവേയോട് ചേർന്ന ഭാഗമാണിത്. ആന എത്തിയ ഭാഗവും മലയോര ഹൈവേയും തമ്മിൽ 10 മീറ്ററിന്റെ പോലും അകലമില്ല. പുലർച്ചെ രണ്ട് മണിയോടെയാണ് ആനക്കൂട്ടം എത്തിയത്. പട്ടി കുരക്കുന്ന ശബ്ദം കേട്ട് ഉണർന്ന് വീട്ടിന് ചുറ്റുമുള്ള ലൈറ്റ് ഇട്ടപ്പോഴാണ് ആന വീടിനോട് ചേർന്ന ഭാഗത്തുള്ളകാര്യം വീട്ടുകാർ അറിയുന്നത്.
മലയോര ഹൈവേ വഴി എല്ലാ സമയത്തും വാഹനങ്ങൾ കടന്നുപോകാറുണ്ട്. പ്രഭാത സവാരി നടത്തുന്നവരും ഏറെയാണ്. മേഖലയിൽ വൻ ഭീഷണിയാണ് ആനക്കൂട്ടം ഉണ്ടാക്കുന്നത്. പുഴകടന്ന് ആനക്കൂട്ടം ജനവാസ മേഖലയിലേക്ക് കയറുന്നത് തടയാനായി നാട്ടുകാർ പണം പിരിച്ച് പുഴയോരത്ത് തൂക്ക് വേലി സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് പരിചരിക്കുന്നതിനുള്ള സഹായം പോലും വനം വകുപ്പിൽനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
കീഴ്പ്പള്ളിയിലെ പുതിയങ്ങാടിയിൽ ജനവാസ മേഖലയിൽ എത്തിയ ആനകൾ വ്യാപക കൃഷിനാശം വരുത്തി. കാഞ്ഞിരക്കാട്ട് മാമൻ, ജോസ് എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കവുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. ജനകീയ സമിതി നിർമിച്ച ഫെൻസിങ് തകർത്താണ് ആന കൃഷിയിടത്തിൽ പ്രവേശിപ്പിച്ചത്. ആറളം ഫാമിൽ തമ്പടിച്ച ആനകളാണ് ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആനമതിൽ പൂർത്തീകരണം വൈകുന്നതിനാൽ ഫാമിൽനിന്ന് വനത്തിലേക്ക് തുരത്തുന്ന ആനകൾ അടുത്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ തിരിച്ച് ഫാമിലേക്ക് പ്രവേശിക്കുന്നു. കഴിഞ്ഞ ദിവസം ഫാമിൽ നിന്നും പുരധിവാസ മേഖലയിൽ നിന്നുമായി ഇരുപതോളം ആനകളെ തുരത്തിയിരുന്നു. ഇനിയും നിരവധി ആനകൾ ഫാമിനുള്ളിൽ ഉണ്ട്.
പുതിയങ്ങാടിയിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ച കൃഷി സ്ഥലം കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ സന്ദർശിച്ചു. എടൂർ മേഖല ഡയറക്ടർ ഫാ. മാത്യു ചക്കിയാരത്ത്, മാങ്ങോട് യൂനിറ്റ് ഡയറക്ടർ ഫാ. അബ്രഹാം കൊച്ചുരയ്ക്കൽ, ഗ്ലേബൽ വർക്കിങ് കമ്മറ്റി അംഗം ബെന്നി പുതിയാംമ്പുറം, തലശ്ശേരി രൂപത ട്രഷർ സുരേഷ് ജോർജ്, വൈസ് പ്രിസിഡന്റ് ബെന്നി മഠത്തിനകം, എടൂർ മേഖല പ്രിസിഡന്റ് ജോസ് പുത്തൻപുര, സെക്രട്ടറി ജയിംസ് പാറയിൽ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.