ആനക്കലിയിൽ പൊറുതിമുട്ടി കച്ചേരിക്കടവ്
text_fieldsഇരിട്ടി: കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമില്ലാതെ അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശവാസികൾ. രണ്ടു ദിവസം മുമ്പാണ് നാട്ടുകാർ കൊട്ടിയൂർ റേഞ്ചറെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കച്ചേരിക്കടവിൽ കൃഷിയിടത്തിൽ ഏഴു മണിക്കൂറോളം തടഞ്ഞത്.
ഡി.എഫ്.ഒ എത്തി ജനങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കച്ചേരിക്കടവ് മുടിക്കയം മേഖലയിൽ ഇറങ്ങിയ ആന നരിമാറ്റത്തിൽ ബിജു, പുതുപ്പറമ്പിൽ ജോർജ്, പുളിക്കൽ അബ്രാഹം, പുതുപ്പറമ്പിൽ അജു തുടങ്ങി നിരവധിപേരുടെ കൃഷിയാണ് നശിപ്പിച്ചത്.
തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക്, കൊക്കോ, കശുമാവ് തുടങ്ങി നിരവധി വിളകൾ ആന ചവിട്ടി നശിപ്പിച്ചു. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് ബാരാപോൾ പുഴകടന്ന് എത്തുന്ന ആനകളാണ് ജനവാസ മേഖലയിൽ ഭീതി സൃഷ്ടിക്കുന്നത്. ആനയെ പ്രതിരോധിക്കാൻ കഴിയാതെ പ്രദേശത്തെ ജനം വലയുകയാണ്.
സൗരോർജ വേലി നിർമാണം: ടെൻഡർ ഇന്ന് തുറക്കും
ഇരിട്ടി: വന്യജീവി ആക്രമണം തടയാൻ നബാഡിന്റെ ധനസഹായത്തോടെ നിർമിക്കുന്ന ഏഴു കി.മീറ്റർ സൗരോർജ തൂക്കുവേലിയുടെ ടെൻഡർ ശനിയാഴ്ച തുറക്കും. രണ്ട് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചിട്ടുള്ളത്.
53 ലക്ഷം രൂപയാണ് നിർമാണ ചെലവ് കണക്കാക്കുന്നത്.ആറുമാസം മുമ്പ് പൂർത്തിയാക്കേണ്ട വേലിയുടെ നിർമാണം വൈകിയതാണ് ആനയുടെ ആക്രമണം വർധിക്കാൻ കാരണമെന്ന് ആരോപിച്ചായിരുന്നു വനപാലകരെ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞത്. രണ്ട് കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതോടെ വേലിയുടെ നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പക്ഷേ അതിനുള്ളിൽ പ്രദേശം മുഴുവൻ ആനകൾ ചവിട്ടിമെതിച്ചു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. അയ്യങ്കുന്നിലെ വനാതിർത്തികളിൽ ത്രിതല പഞ്ചായത്തും കൃഷി വകുപ്പും ചേർന്ന് 2.20 കോടി രൂപ ചെലവിൽ നിർമിക്കുന്ന സൗരോർജ വേലിയുടെ നിർമാണ കരാറിൽ ഒപ്പിട്ടുകഴിഞ്ഞു.സിൽക്കിനാണ് പ്രവൃത്തിയുടെ മേൽനോട്ട ചുമതല. ഇതോടെ അടുത്ത വർഷമെങ്കിലും വന്യമൃഗശല്യം ഒരുപരിധിവരെ തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.