വന്യജീവി ആക്രമണം; മലയോരത്ത് സോളാർ വേലി സ്ഥാപിക്കുന്നു
text_fieldsഇരിട്ടി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി മലയോരത്തെ അഞ്ച് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ 55.5 കിലോമീറ്ററിൽ സോളാർവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ.
നബാർഡിന്റെയും കൃഷി വകുപ്പിന്റെയും ജില്ല പഞ്ചായത്തിന്റെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും വിഹിതം ഉപയോഗപ്പെടുത്തിയാണ് പ്രതിരോധ സംവിധാനം ഒരുക്കുന്നത്. കേരള, കർണാടക വനമേഖലയോട് ചേർന്ന കേളകം, അയ്യൻകുന്ന്, പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകൾക്കാണ് സംരക്ഷണം തീർക്കുന്നത്. നബാർഡിന്റെ വിഹിതത്തിനൊപ്പം കൃഷി വകുപ്പിൽനിന്നുള്ള 2.2 കോടിയും ജില്ല പഞ്ചായത്തിന്റെ വിഹിതമായ ഒരു കോടിയും ഇതിനായി പ്രയോജനപ്പെടുത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ തനത് ഫണ്ടും പദ്ധതി വിഹിതവും ഇതിനായി ഉപയോഗപ്പെടുത്താം. ഉളിക്കൽ പഞ്ചായത്തിൽ 14.5 കിലോമീറ്ററാണ് വനവുമായി അതിർത്തി പങ്കിടുന്നത്. ഇതിൽ അഞ്ചുകിലോമീറ്ററിൽ താഴെ മാത്രമേ പ്രതിരോധ സംവിധാനമുള്ളൂ. അവശേഷിക്കുന്ന 10.5 കിലോമീറ്ററിൽ കൃഷി വകുപ്പിന്റെ സഹായത്താൽ അഞ്ചു കിലോമീറ്ററും നബാർഡിന്റെ സഹായത്തിൽ മൂന്ന് കിലോമീറ്ററും സോളാർ വേലി സ്ഥാപിക്കും. സ്ഥലത്തിന്റെ പ്രത്യേകതയനുസരിച്ച് തൂക്കുവേലിയോ സോളാർ വേലിയോ ട്രഞ്ചോ സ്ഥാപിക്കും. പായം പഞ്ചായത്തിൽ ഒരു കിലോമീറ്ററാണ് പ്രതിരോധ സംവിധാനം ഒരുക്കേണ്ടത്. ഇതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ വിഹിതം പ്രയോജനപ്പെടുത്തും.
അയ്യൻകുന്ന് പഞ്ചായത്തിന്റെ 45 കിലോമീറ്റർ വരുന്ന അതിർത്തിയിൽ 37 കിലോമീറ്ററിൽ വേലി സ്ഥാപിക്കേണ്ടതുണ്ട്. ഇതിൽ 21 കിലോമീറ്റർ കൃഷി വകുപ്പിന്റെ സഹായത്താലും ഏഴ് കിലോമീറ്റർ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയും പ്രതിരോധ സംവിധാനം ഒരുക്കും. ആറളത്ത് ഏഴു കിലോമീറ്ററിൽ മൂന്ന് കിലോമീറ്റർ കൃഷിവകുപ്പിന്റെ സഹായത്തോടെയും നാലുകിലോമീറ്റർ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗിച്ചാണ് പ്രതിരോധം തീർക്കുന്നത്. കേളകത്ത് അഞ്ചുകിലോമീറ്റർ നബാർഡ് സഹായത്തിൽ നിർമാണം പൂർത്തിയാക്കും. നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ പരിപാലിക്കുന്നതിനും പദ്ധതിയുണ്ടാക്കും. നിലവിൽ സോളാർ വേലി പലയിടങ്ങളിലും കാടുമൂടിയ നിലയിലാണ്.
സോളാർ തൂക്കുവേലിക്ക് ഒരു കിലോമീറ്ററിന് എട്ടു ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ജനകീയ കൂട്ടായ്മയിലും തൂക്ക് വേലികൾ നിർമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുതിയങ്ങാടിയിൽ നാലു കിലോമീറ്റർ സോളാർ തൂക്കുവേലിയാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ പൂർത്തിയാക്കിയത്. പാലപ്പുഴയിലും ആറളത്തുമെല്ലാം ജനകീയ കൂട്ടായ്മയിൽ രൂപപ്പെടുത്തിയ തൂക്കുവേലി ഫലപ്രദമായി കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ട്. യഥാസമയം പരിപാലിക്കുക ചെയ്താൽ പദ്ധതി വിജയകരമാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.