അടുത്തകാലത്തെങ്കിലും ഇരിട്ടി സ്റ്റേഡിയം സ്വപ്നം പൂവണിയുമോ?
text_fieldsഇരിട്ടി: വള്ള്യാട് വയലിൽ സ്റ്റേഡിയം നിർമിക്കണമെന്ന വർഷങ്ങൾ പഴക്കമുള്ള മുറവിളിയോട് ഇപ്പോഴും മുഖം തിരിച്ച് അധികൃതർ. കായിക ലോകത്ത് ഇന്ത്യയുടെ യശസ്സുയർത്തിയ ടിൻറു ലൂക്കയുൾപ്പെടെയുള്ള കായിക താരങ്ങൾക്ക് ജന്മം നൽകി വളർത്തിയ മലയോരത്ത് മികച്ചതെന്ന് പറയാൻ ഒരൊറ്റ കളിസ്ഥലം പോലും നിലവിലില്ല.
കായിക താരങ്ങളെ വളർത്തിയെടുക്കാൻ ഉതകുന്ന വിധത്തിലുള്ള നിലവാരമുള്ള സ്റ്റേഡിയം വള്ള്യാട് വയലിൽ അനുവദിക്കണമെന്ന പതിറ്റാണ്ടുകൾ നീണ്ട മലയോരത്തിെൻറ ആവശ്യത്തിന് മുന്നിൽ അവഗണനയുടെ ട്രാക്കിലാണ് അധികൃതർ.
ജില്ലയിൽ മറ്റൊരിടത്തും കാണാനാകാത്ത സ്റ്റേഡിയത്തിനനുകൂലമായ അഞ്ച് ഏക്കറോളം വരുന്ന പുല്ലുനിറഞ്ഞ മൈതാനമാണ് വള്ള്യാട്ടേത്. നിരവധി കലാ കായിക മത്സരങ്ങൾക്കും പൊതുപരിപാടികൾക്കും വേദിയായ ഈമൈതാനം ശാസ്ത്രീയമായി വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. പഴശ്ശി ജലസേചന വിഭാഗത്തിെൻറ അധീനതയിലുള്ള പ്രദേശമാണെങ്കിലും റിസർവോയർ അതിെൻറ പരമാവധി സംഭരണശേഷി കൈവരിച്ച സമയത്തുപോലും മൈതാനത്ത് വെള്ളം കയറിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിലും പദ്ധതിപ്രദേശം നിറഞ്ഞു കവിഞ്ഞപ്പോഴും മൈതാനത്ത് വെള്ളം കയറിയിട്ടില്ലെന്നതും സ്റ്റേഡിയത്തിന് അനകൂലമായ ഘടകമാണ്.
പ്രകൃതിദത്തമായി രൂപംകൊണ്ട മൈതാനമായതിനാൽ കാര്യമായ ചെലവുകൾ ഇല്ലാതെതന്നെ ശാസ്ത്രീയമായി വികസിപ്പിക്കാനും കഴിയും. ഇപ്പോൾ അധികൃതരുടെ കാര്യമായ പരിശോധനകളും മറ്റും ഇല്ലാത്തതിനാൽ മൈതാനം ചിലർ കൈയേറുന്നുണ്ട്. ഇതില്ലാതാക്കാനും സ്റ്റേഡിയമായി മാറ്റുന്നതിലൂടെ സാധിക്കും. മൈതാനത്തിെൻറ ഉടമാവകാശം ജലസേചന വിഭാഗത്തിൽ തന്നെ നിലനിർത്തി സ്റ്റേഡിയം നിർമിക്കാൻ വിട്ടുകൊടുത്താൽ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യാം.
മലയോരത്തിെൻറ കായിക സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ ഇരിട്ടി കേന്ദ്രീകരിച്ച് വള്ള്യാട് വയലിൽ സ്റ്റേഡിയം നിർമാണത്തിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാടൊന്നാകെ ആവശ്യപ്പെടുന്നത്. മുമ്പ് അധികൃതർ വള്ള്യാട് വയലിൽ വിശദ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടക്കാത്ത സ്വപ്നമായി ഇപ്പോഴും അവഗണനയുടെ ഫയലിൽ ഉറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.