ബാഗിൽ യുവതിയുടെ മൃതദേഹം: ഇന്നോവ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsഇരിട്ടി: മാക്കൂട്ടം ചുരത്തിലെ വനത്തിനുള്ളിൽ ട്രോളിബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കർണാടക പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതിന് പിന്നാലെ കർണാടകത്തിലും അന്വേഷണം ശക്തമാക്കുന്നതിനായി കഴിഞ്ഞ ദിവസം മടിക്കേരി ജില്ല ക്രൈംബ്രാഞ്ചിനും അന്വേഷണ ചുമതല നൽകിയിരുന്നു.
വീരാജ് പേട്ട സി.ഐ ശിവരുദ്ര, എസ്.ഐ മഞ്ജുനാഥ്, എ.എസ്.ഐ സോമണ്ണ എന്നിവരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിനു പുറമെയാണ് ക്രൈംബ്രാഞ്ച് സംഘത്തെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഈ സംഘത്തിന്റെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്.
കണ്ണവത്തുനിന്നും കാണാതായ യുവതിയുടെ അമ്മയുടെ മൊഴി കഴിഞ്ഞ ദിവസം കർണാടക പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.ഇതിനിടെ മാക്കൂട്ടം ചുരം പാതവഴി കടന്നു പോയ ഒരു ഇന്നോവ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്നാഴ്ച്ക്കടെ ഗോണിക്കുപ്പ മുതൽ പെരുമ്പാടി ചെക്ക് പോസ്റ്റ് വഴികടന്നു പോയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി മാക്കൂട്ടം ചെക്ക് പോസ്റ്റ് വരെയുള്ള നിരീക്ഷണ കാമറകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
ഈ പരിശോധനയിൽ കണ്ടെത്തിയ വാഹന ഉടമകളെ കണ്ടെത്താനായി നടത്തിയ പരിശോധനയിൽ ഇതു വഴി കടന്നു പോയ ഒരു ഇന്നോവയുടെ നമ്പർ വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഇന്നോവ കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണം ശക്തമാക്കിയത്.
ഈ വാഹനത്തിന്റെ നമ്പർ പരിശോധിച്ചപ്പോൾ ഇരിട്ടി മേഖലയിലെ ഒരു ഇരുചക്രവാഹനത്തിന്റെ നമ്പർ ഉപയോഗിച്ചാണ് ഇന്നോവ കടന്നു പോയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.ഇതേ തുടർന്നാണ് ഇന്നോവയെ പിന്തുടരാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
എന്തു കാരണത്താലാണ് വ്യാജ നമ്പർ ഉപയോഗിച്ച് ചുരം പാതവഴി ഈ വാഹനം കടന്നു പോയതെന്നും യുവതിയുടെ കൊലപാതകവുമായി ഈ വാഹനത്തിനും വാഹനമുപയോഗിച്ചവർക്കും ബന്ധമുണ്ടോ എന്നും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കർണാടക പൊലീസ് സംഘം പറഞ്ഞു. ഇരിട്ടി മേഖലയിലെ ഇരുചക്രവാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഇന്നോവ കർണാടകയിലേക്കു വന്നതിന്റെ അടിസ്ഥാനത്തിൽ പെരുമ്പാടി ചെക്ക് പോസ്റ്റ് മുതൽ കൂട്ടുപുഴ, വള്ളിത്തോട് വരെയുള്ള സി.സി.ടി.വി കാമറകളും ഇന്നലെ മുതൽ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു.
മാക്കൂട്ടം ചെക്ക് പോസ്റ്റിലെയും കൂട്ടുപുഴ, കിളിയന്തറ ചെക്ക് പോസ്റ്റ് വഴി കടന്നു പോയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കണ്ണവത്തുനിന്നും കാണാതായ യുവതിയുടെ ബന്ധുക്കൾ വീരാജ്പേട്ടയിലെത്തി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തിലും വസ്ത്രങ്ങൾ ഉൾപ്പെടെ തിരിച്ചറിയാത്തതിനാലും കണ്ണവത്തെ യുവതിയുടെ മൃതദേഹമാണെന്ന സംശയം പൊലീസും ബന്ധുക്കളും ഉപേക്ഷിച്ചിരുന്നു. എന്നാൽ വാഹനം സംബന്ധിച്ച് പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ആ സാധ്യതയും പുതിയ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു വരികയാണ്.
ഇതിനു പുറമെ ഒരു മാസത്തിനിടയിൽ കാണാതായ യുവതികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്.മാക്കൂട്ടം - ചുരം പാതയിൽ യുവതിയുടെ മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയിട്ട് എട്ടുദിവസം പിന്നിട്ടു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മടിക്കേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുവതിയുടെ മൃതദേഹം മാക്കൂട്ടം ചുരം പാതയിൽ കണ്ട സാഹചര്യത്തിൽ ഭീതിയോടെയാണ് യാത്രക്കാർ ഇതുവഴി കടന്നുപോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.