10 ലക്ഷത്തിന്റെ മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
text_fieldsഇരിട്ടി: വാഹന പരിശോധനക്കിടെ, മാരക ലഹരി ഉല്പന്നമായ 300 ഗ്രാം മെത്താഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഉളിയില്‍ സ്വദേശികളായ കുന്നിന്‍കീഴിലെ എസ്.എം. ജസീര്‍ (42), നരയമ്പാറയിലെ പി.കെ. സമീര്‍ (39) എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി പൊലീസും ചേര്‍ന്ന് പിടികൂടിയത്. കൂട്ടുപുഴ പാലത്തിനടുത്തുള്ള പൊലീസ് പരിശോധന കേന്ദ്രത്തിനുസമീപം ബുധനാഴ്ച രാത്രി 11 ഓടെയാണ് ഇരുവരും പിടിയിലായത്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും പിടികൂടി.
ജില്ല റൂറല്‍ പൊലീസ് പരിധിയിലെ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. വിപണിയിൽ 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉൽപന്നമാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരുമുൾപ്പെടെ സംഘം കർണാടകയില്‍നിന്ന് ലഹരി ഉല്പന്നങ്ങള് വ്യാപകമായി കടത്തുന്നുണ്ടെന്നും ജില്ലയുടെ പല മേഖലകളിലും മൊത്തവിതരണം നടത്തുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് നാർകോട്ടിക് വിഭാഗം ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.