ആകെ മഴയായി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി
text_fieldsകണ്ണൂർ: രണ്ടു ദിവസത്തെ ഇടവേളക്കുശേഷം ജില്ലയിൽ വീണ്ടും മഴ സജീവമായി. കാലവർഷം എത്തുന്നതിനുമുമ്പ് തന്നെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. മഴക്കൊപ്പമുണ്ടായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി തടസപ്പെട്ടു. മലയോരത്തടക്കം ശക്തമായ മഴയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഉണ്ടായത്.
10.30ന് കണ്ണൂരിൽ പെയ്ത ശക്തമായ മഴയിൽ നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. കൂടാതെ ഗതാഗതക്കു രുക്കും രൂക്ഷമായി. പ്രധാന പുഴകളുടെയെല്ലാം കൈവഴികൾ നിറഞ്ഞു. മലയോരമേഖലയായ ഇരിട്ടിയിലും ശ്രീകണ്ഠപുരത്തും രാവിലെ മുതൽ കനത്ത മഴയായിരുന്നു. കൊട്ടിയൂരിലും കേളകത്തും ഉച്ചമുതൽ മഴ തുടങ്ങി. പയ്യന്നൂർ ഭാഗത്ത് ശരാശരി മഴയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മഴ കനത്തിട്ടും ചട്ടപ്പടിയായി മഴക്കാലപൂർവ ശുചീകരണം
മേയ് 31 നകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍
കണ്ണൂർ: വേനൽമഴ ശക്തമായി തുടരുകയും കാലവർഷം പടിവാതിൽക്കൽ നിൽക്കുകയും ചെയ്യുമ്പോൾ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണത്തിനായി നെട്ടോട്ടം. പലയിടങ്ങളിലും ഓവുചാലുകളിൽ അടിഞ്ഞ മണ്ണും മാലിന്യവും വൃത്തിയാക്കാനും ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാനും തുടങ്ങിയിട്ടേയൂള്ളൂ. കാലവർഷം പടിക്കലെത്തിനിൽക്കുമ്പോഴാണ് സർക്കാറിന്റെ ചട്ടപ്പടി നടപടികൾ.
മിക്കയിടങ്ങളിലും അഴുക്കുചാലുകളിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. വെള്ളമുള്ളതിനാൽ വൃത്തിയാക്കലും മണ്ണുമാറ്റലും ബുദ്ധിമുട്ടാണ്. മണ്ണുമാന്തി ഉപയോഗിച്ചാണ് റോഡരികിലെ ഓടകളിലെ മാലിന്യം നീക്കുന്നത്. ഇത്തവണ വേനൽമഴ ശക്തമായതോടെ മഴക്കാല പൂർവ ശുചീകരണം താളംതെറ്റിയ സ്ഥിതിയാണ്.
കാലവര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി നടക്കുന്ന മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച യോഗം ചേര്‍ന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വകീരിക്കണമെന്നും ആവശ്യമെങ്കില്‍ ക്രമിനല്‍ കേസുകള്‍ എടുക്കുന്നതിന് പൊലീസിന് ഇത്തരം പരാതികള്‍ കൈമാറണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ അടിയന്തര നടപടി എടുക്കണം. ഹോട്ടലുകള്‍, സ്ക്രാപ് സ്ഥാപനങ്ങള്‍, അന്തർസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തണം.
മേയ് 31 നകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമുകള്‍ കണ്ടെത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തുവാനും തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എം.സി.എഫ്, ആര്.ആര്.എഫ് എന്നിവടങ്ങളില്നിന്ന് സമയബന്ധിതമായി മാലിന്യനീക്കം ഉറപ്പാക്കണമെന്ന് കലക്ടര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടന്നതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന് യോഗത്തില്‍ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷിണിയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫുകളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി എല്‍.എസ്.ജി.ഡി ജോ. ഡയറക്ടര്‍ സെറീന എ. റഹ്മാന് യോഗത്തില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.