കക്കാട് സ്പിന്നിങ് മിൽ പൂട്ടിയിട്ട് മൂന്നുവർഷം
text_fieldsകണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സ്ഥാപനം ഇടക്കാലത്ത് ഒന്നരമാസം തുറന്ന് വീണ്ടും അടച്ചിടുകയായിരുന്നു. ഏറെ പ്രതിഷേധങ്ങളുയർന്നിട്ടും എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്ര സർക്കാർ.
കേന്ദ്രസർക്കാറിന്റെ ടെക് സ്റ്റൈൽസ് മന്ത്രാലയത്തിനു കീഴിലായി പ്രവർത്തിക്കുന്ന സ്ഥാപനം നല്ല രീതിയിലാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കോവിഡും ലോക്ഡൗണും വന്നതോടെ കമ്പനി അടച്ചു. കോവിഡ് മാറിയശേഷം മറ്റു സ്ഥാപനങ്ങൾ എല്ലാം തുറന്നപ്പോഴും ഇതുമാത്രം തുറന്നില്ല.
പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രവർത്തിച്ചു. ഒന്നരമാസം പ്രവർത്തിച്ചശേഷം വീണ്ടും പഴയപടി അടച്ചിട്ടു. അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവായി പിന്നീടുള്ള ന്യായം. ഇക്കാര്യം വി. ശിവദാസൻ എം.പി ഉൾെപ്പടെയുള്ളവർ പാർലിമെന്റിൽ ഉന്നയിച്ചുവെങ്കിലും തുറന്നില്ല.
സ്ഥാപനം തുറന്നു പ്രവർത്തിക്കാനായി നിരവധി സമരങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒന്നുമുണ്ടായില്ല. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ച തൊഴിലാളികൾക്കോ മരിച്ചവർക്കുപോലും ആനുകൂല്യം നൽകാനും ടെക് സ്റ്റൈൽസ് മമന്ത്രാലയം തയാറായില്ല.
തൊഴിലാളികൾക്ക് ഇടക്കാലാശ്വാസമായി നൽകിയിരുന്ന 25ശതമാനം ശമ്പളവും ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്. വീടുവെക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ബാങ്ക് വായ്പയെടുത്ത തൊഴിലാളികൾ ജപ്തി ഭീഷണിയിലാണ്. കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ നിസ്സാര ചെലവുകൾ ചൂണ്ടിക്കാട്ടി കമ്പനി അനന്തമായി അടച്ചിടുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
നാളെ സംയുക്ത സമര സമിതി പ്രതിഷേധം
കക്കാടിലെ സ്പിന്നിങ് ആൻഡ് വീവിങ് മില്ലുകൾ പൂട്ടിയിട്ട് മൂന്നു വർഷം തികയുന്ന വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സേവ് എൻ.ടി.സിയുടെയും സംയുക്ത സമര സമിതിയുടെയും നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
പൊതുമേഖല സ്ഥാപനത്തിന്റെ തകർച്ച ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംയുക്ത സമര സമിതി ചെയർമാൻ കെ.പി. സഹദേവൻ, വി.വി. ശശീന്ദ്രൻ, എം. വേണുഗോപാൽ, താവം ബാലകൃഷ്ണൻ, കെ.പി. അശോകൻ, കെ. മണീശൻ, കെ. മനോജ്, ഡി. രതീഷ് ബാബു, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.