ധർമടത്ത് ഇനി വായന വസന്തം
text_fieldsകണ്ണൂർ: ധർമടം മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗ്രന്ഥശാലകൾ. ഇതിന്റെ ഭാഗമായി ‘സമ്പൂർണ ലൈബ്രറി’ മണ്ഡലമായി ധർമടത്തെ പ്രഖ്യാപിച്ചു. സമ്പൂർണ ലൈബ്രറി മണ്ഡല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമാനതകളില്ലാത്ത സാംസ്കാരിക കൂട്ടായ്മകളാണ് ഗ്രന്ഥശാലാപ്രസ്ഥാനമെന്നും ഗ്രന്ഥശാലകൾ അനൗപചാരിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടക്കേ ഇന്ത്യയിലെ നാട്ടിൻപുറങ്ങളിൽ വായനശാലകളും ഗ്രന്ഥശാലകളും അത്യപൂർവ കാഴ്ചകളാണ്. എന്നാൽ, കേരളം ഗ്രന്ഥശാലകളുടെ പ്രവർത്തനത്തിൽ ഏറെ മുന്നിലാണ്.
ദേശീയപ്രസ്ഥാന കാലഘട്ടത്തിൽതന്നെ നാട് ഗ്രന്ഥശാലകളുടെ കാര്യത്തിൽ വലിയ ശ്രദ്ധചെലുത്തിയിരുന്നു. കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ ഗ്രന്ഥശാലകൾക്ക് കഴിയും. ഗ്രന്ഥശാലകൾ ഇല്ലാത്തിടങ്ങളിൽ സ്ഥാപിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അതിന് സർക്കാറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
മണ്ഡലത്തിലെ 132 പഞ്ചായത്ത് വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചു. ഡോ. വി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ പീപിൾസ് മിഷൻസ് ഫോർ സോഷ്യൽ ഡെവലപ്മെന്റ് എന്ന മിഷൻ രൂപവത്കരിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഈ മിഷന്റെ നേതൃത്വത്തിൽ നടക്കും. പിണറായി ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ല പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. രാജീവൻ, എൻ.കെ. രവി, കെ. ഗീത എന്നിവർ സംസാരിച്ചു.
മുഴപ്പിലങ്ങാട് സമ്പൂർണ ലൈബ്രറി പഞ്ചായത്ത്
മുഴപ്പിലങ്ങാട്: ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ലൈബ്രറി എന്ന സന്ദേശവുമായി പഞ്ചായത്ത് ഹാളിൽ സമ്പൂർണ ലൈബ്രറി പ്രഖ്യാപനം നടത്തി. പ്രസിഡന്റ് ടി. സജിത അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.വി. ബിജു ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. വിജേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡി.കെ. ദിനേശൻ, സെക്രട്ടറി സ്മിത, രഞ്ജിത്ത് കോമത്ത് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ 15 വാർഡുകളിലും ലൈബ്രറി രൂപവത്കരിച്ചതിന്റെ പ്രഖ്യാപനമാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.