തടവുകാരെയും കാത്ത് കൂത്തുപറമ്പിലെ ജയിലറകൾ
text_fieldsകൂത്തുപറമ്പ്: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കൂത്തുപറമ്പ് സ്പെഷൽ സബ് ജയിലിന്റെ പ്രവർത്തനം ഇനിയും ആരംഭിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിടുമ്പോഴും ആളനക്കമില്ലാത്ത അവസ്ഥയിലാണ് കാരാഗൃഹം. ജീവനക്കാരെ നിയമിക്കാത്തതാണ് സബ് ജയിലിന്റെ പ്രവർത്തനത്തിന് വിലങ്ങുതടിയായത്.
സംസ്ഥാനത്ത് തടവുകാരുടെ ബാഹുല്യം കൂടിവരുന്ന സാഹചര്യത്തിലായിരുന്നു കൂത്തുപറമ്പിൽ സ്പെഷൽ സബ്ജയിൽ നിർമിച്ചത്. കഴിഞ്ഞ ജൂൺ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനാണ് സബ്ജയിൽ നാടിന് സമർപ്പിച്ചത്. നാലുമാസം പിന്നിടുമ്പോഴും ജീവനക്കാരെ നിയമിക്കാനുള്ള ഒരു പ്രവർത്തനവും ജയിലധികൃതർ നടത്തിയിട്ടില്ല.
സൂപ്രണ്ട് ഉൾപ്പെടെ 41 തസ്തികയാണ് കൂത്തുപറമ്പിൽ അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി പേരെയെങ്കിലും നിയമിച്ചാൽ ജയിലിന്റെ പ്രവർത്തനം ആരംഭിക്കാനാകും. സർക്കാർ വിട്ടുനൽകിയ 48.5 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യത്തോടുകൂടിയുള്ള സബ്ജയിലിന്റെ നിർമാണം.
3.30 കോടി രൂപ ചെലവിലായിരുന്നു സംസ്ഥാനത്തെ പതിനാറാമത്തെ സബ്ജയിൽ പൂർത്തിയാക്കിയത്. പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഉപയോഗപ്പെടുത്തിയായിരുന്നു സ്പെഷൽ സബ്ജയിൽ നിർമിച്ചത്.
അന്തേവാസികളുടെ തിരുത്തൽ കേന്ദ്രങ്ങൾ എന്നനിലയിൽ വൈവിധ്യപൂർണമായ നൂതനമായ കാഴ്ചപ്പാടോടുകൂടിയാണ് സബ്ജയിൽ ഒരുക്കിയത്. കൂത്തുപറമ്പ്, മട്ടന്നൂർ കോടതികളിൽനിന്നുള്ള റിമാൻഡ് പ്രതികളെ പാർപ്പിക്കുകയായിരുന്നു സബ്ജയിലിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.