ജപ്പാൻ കുടിവെളള ടാങ്ക് നിറഞ്ഞൊഴുകി; സമീപത്തെ വീടുകൾക്ക് നാശനഷ്ടം
text_fieldsതളിപ്പറമ്പ്: ആടിക്കംപാറയിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി നിറഞ്ഞൊഴുകി സമീപത്ത് വൻ നാശനഷ്ടം. നാല് വീടുകളിൽ ചളിവെള്ളം കയറുകയും കുഴൽക്കിണർ മലിനമാകുകയും വളർത്തു കോഴികൾ ചത്തൊടുങ്ങുകയും ചെയ്തു. രാത്രി കാവൽക്കാരൻ ഉറങ്ങിപ്പോയതാണ് ടാങ്ക് നിറഞ്ഞൊഴുകാൻ കാരണമായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപം ആടിക്കംപാറ കുന്നിന് മുകളിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്കാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ നിറഞ്ഞൊഴുകിയത്.
ടാങ്കിൽ നിന്നും ശക്തമായ ഒഴുകിയെത്തിയ വെള്ളം സമീപത്തെ ഇബ്രാഹിംകുട്ടി, രാജേഷ്, വിനോദ്, റഷീദ് എന്നിവരുടെ വീട്ടുവളപ്പിൽ പ്രളയ സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്. ഇബ്രാഹിംകുട്ടിയുടെ സമീപത്തെ മറ്റൊരു വീട്ടിൽ നടന്ന ചടങ്ങിന് ശേഷം രണ്ട് മണിയോടെ തിരിച്ചു പോകുന്നയാളാണ് വെള്ളം ഒഴുക്കിയെത്തുന്നത് ആദ്യം കണ്ടത്.
അയാൾ ഇബ്രാഹിംകുട്ടിയുടെ മകനെ വിളിച്ച് സംഭവം അറിയിക്കുമ്പോഴേക്കും വീട്ടുവളപ്പിൽ രണ്ട് അടിയിലേറെ ചളിവെള്ളം നിറയുകയും ഗേറ്റിൽ മണ്ണ് നിറഞ്ഞ് തുറക്കാൻ സാധിക്കാത്ത സ്ഥിതിയും ആയിരുന്നു. വീട്ടുമുറ്റത്തെ കുഴൽ കിണറിലേക്ക് ചളി നിറഞ്ഞ് ഉപയോഗശൂന്യമാകുകയും കൂട്ടിലുണ്ടായിരുന്ന നാല് കോഴികൾ ചത്തൊടുങ്ങുകയും ചെയ്തു.വെള്ളത്തിന്റെ ശക്തിയിൽ വീടിന് പിൻവശത്തെ മതിൽ തകർന്നതോടെയാണ് വെള്ളം ഒഴുകിപ്പോയത്.
ഇബ്രാഹിം കുട്ടി വാർഡ് കൗൺസിലർ ഖദീജയെ വിവരമറിയിക്കുകയും ഖദീജയുടെ നേതൃത്വത്തിലെത്തിയ നാട്ടുകാർ വാച്ച്മാനെ വിളിച്ചുണർത്തി വെള്ളം ഓഫ് ചെയ്യുകയുമായിരുന്നു. മൂന്നാം തവണാണ് ടാങ്ക് നിറഞ്ഞൊഴുകുന്നത്. ഇത് ആദ്യമായാണ് പ്രളയ സമാനമായ രീതിയിൽ വെള്ളവും മണ്ണും ഒഴുകിയെത്തുന്നത്. വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെട്ട് ചളിയും മണ്ണും നീക്കുകയും മറ്റ് നാശനഷ്ടത്തിന് പരിഹാരമുണ്ടാക്കുകയും വേണമെന്ന് ഇബ്രാഹിം ആവശ്യപ്പെട്ടു.
ആറ് മാസം മുമ്പ് ടാങ്ക് നിറഞ്ഞൊഴുകിയപ്പോൾ തന്നെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശമുണ്ടാകുന്ന രീതിയിലുള്ള ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വാർഡ് കൗൺസിലർ കെ.പി. ഖദീജ പറഞ്ഞു.
ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന സംവിധാനം മിന്നലിൽ നശിച്ചു പോയെന്നും പകരം പുതിയത് സ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പു നൽകിയെങ്കിലും അത് പാലിക്കാത്തതാണ് ഇപ്പോൾ വീണ്ടും ടാങ്ക് നിറഞ്ഞൊഴുകി നാശനഷ്ടം ഉണ്ടാകാനിടയായത്.ചളിമണ്ണ് നീക്കാനും നാശനഷ്ടത്തിന് പരിഹാരമുണ്ടാക്കാനും വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന് കൗൺസിലർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.