ജവഹർ സ്റ്റേഡിയം നവീകരണം 'കള'ത്തിനുപുറത്ത്; ഇന്ന് വീണ്ടും ചർച്ച
text_fieldsകണ്ണൂർ: ജവഹർ സ്റ്റേഡിയം നവീകരണം സംബന്ധിച്ച് കായികമന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗവും തീരുമാനമാകാതെ പിരിഞ്ഞു. സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യാൻ ശനിയാഴ്ച ജില്ലയിലെത്തുന്ന കായികമന്ത്രി വിഷയം വീണ്ടും ചർച്ച ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എയുടെ നിവേദനത്തെ തുടർന്നാണ് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതി നടപ്പാക്കാനായി സർക്കാർ യോഗം വിളിച്ചത്. നാശത്തിന്റെ വക്കിലായ സ്റ്റേഡിയം ആധുനികരീതിയിൽ നവീകരിക്കാനായി ഒന്നാം പിണറായി സർക്കാർ 10.84 കോടി രൂപ അനുവദിച്ചിരുന്നു. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശവും ദൈനംദിന നടത്തിപ്പും സംബന്ധിച്ച വ്യവസ്ഥകളിൽ തർക്കമുള്ളതിനാലാണ് പദ്ധതി നടപ്പാക്കാതെ നീണ്ടുപോയത്. ഇതേത്തുടർന്നാണ് മന്ത്രിയും എം.എൽ.എയും കോർപറേഷൻ സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ അധികൃതരും തിരുവനന്തപുരത്ത് യോഗം ചേർന്നത്.
കോർപറേഷൻ മേയറെയും സെക്രട്ടറിയെയും സർക്കാർ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, സെക്രട്ടറി മാത്രം പങ്കെടുക്കണമെന്ന് ദിവസങ്ങൾക്കുമുമ്പ് അറിയിച്ചപ്പോൾ ജനപ്രതിനിധികളെ യോഗത്തിന് തലേന്നാണ് വിളിച്ചതെന്ന കാരണത്താലും നേരത്തെ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലും മേയർ അടക്കമുള്ളവർ പങ്കെടുത്തില്ല. ഭരണസമിതിയുമായി ചർച്ച നടത്തി തീരുമാനം അറിയിക്കാൻ കായികവകുപ്പ് അറിയിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ടിൽ നടക്കുന്ന ആധുനികവത്കരണത്തിന് കോർപറേഷൻ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സ്പോർട്സ് വകുപ്പിന് വിട്ടുനൽകിയാൽ ഉടമസ്ഥാവകാശം നഷ്ടമാകുമെന്നാണ് കോർപറേഷൻ പറയുന്നത്.
സ്റ്റേഡിയം നിയന്ത്രണവും പരിപാലനവും സ്പോർട്സ് കൗൺസിൽ ഏറ്റെടുക്കാനാണ് നീക്കമെന്നാണ് കോർപറേഷൻ വാദം. ദൈനംദിന നടത്തിപ്പിന്റെ അവകാശം സ്പോർട്സ് കൗൺസിലും കോർപറേഷനും അടങ്ങുന്ന കമ്മിറ്റി നൽകുമെന്ന വ്യവസ്ഥ അംഗീകരിക്കാത്തതാണ് പദ്ധതി നിലക്കാൻ കാരണം. കോർപറേഷൻ ആവശ്യങ്ങൾക്കുപോലും രണ്ടാഴ്ച മുമ്പ് അനുമതിക്കായി അപേക്ഷ നൽകേണ്ടിവരുമെന്നും മേയർ പറഞ്ഞു.
നേരത്തെയുള്ള ധാരണപത്രത്തിൽ കോർപറേഷൻ ഒപ്പുവെച്ചാൽ പദ്ധതിക്കായി തുക അനുവദിക്കാമെന്ന് കായികവകുപ്പ് അറിയിച്ചു.
കോൺക്രീറ്റ് ഇളകി കാടുമൂടിക്കിടക്കുന്ന സ്റ്റേഡിയം നവീകരിക്കാനാവശ്യമായ നടപടികൾ വേണമെന്നാണ് കായികപ്രേമികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.