കാൽപന്ത് ഉത്സവത്തെ വരവേൽക്കാൻ പുതുമോടിയിൽ ജവഹർ സ്റ്റേഡിയം
text_fieldsകണ്ണൂർ: കാൽപന്തുപ്രേമികളുടെ ഒന്നര പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പന്തുരുളുന്നു. കേരള പ്രീമിയർ ലീഗ് ഫുട്ബാളിലെ രണ്ടാം പാദ മത്സരങ്ങൾക്ക് വിസിലുയരാൻ ഇനി പത്തു ദിനങ്ങൾ മാത്രം. ഡിസംബർ 30ന് വൈകീട്ട് നാലിന് ഗോകുലം കേരള എഫ്.സിയും എഫ്.സി കേരളയും തമ്മിൽ പന്തുതട്ടുമ്പോൾ അത് കണ്ണൂർ ഫുട്ബാളിന് പുനർജനി കൂടിയാവും. അന്നുതന്നെ ഏഴിന് കേരള ബ്ലാസ്റ്റേഴ്സും ലിഫയും തമ്മിൽ ഏറ്റുമുട്ടും.
കെ.പി.എല്ലിൽ ബാക്കിയുള്ള 55 ലീഗ് മത്സരങ്ങളും ക്വാർട്ടർ ഫൈനൽ, സെമി, ഫൈനൽ മത്സരങ്ങളും നവീകരിച്ച ജവഹർ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. എ, ബി പൂളുകളിലായി 10 വീതം ടീമുകൾ കളിക്കുന്ന ടൂർണമെന്റിൽ ദിവസം രണ്ടു വീതം മത്സരങ്ങളാണ് ഉണ്ടാവുക. കലാശപ്പോര് 2024 ജനുവരി അവസാനം നടക്കും. കെ.പി.എല്ലിന് ശേഷം ഐ.എസ്.എൽ മാതൃകയിൽ ആറു ക്ലബുകൾ പങ്കെടുക്കുന്ന കേരള സോക്കർ കപ്പിനും മൈതാനം വേദിയാവും. നായനാർ കപ്പ്, ഐ ലീഗ് എന്നിവയാണ് ഇവിടെ അവസാനം നടന്ന പ്രധാന ടൂർണമെന്റുകൾ.
ഇതിനുശേഷം വർഷങ്ങളായി പ്രധാന ടൂർണമെന്റുകൾക്കൊന്നും സ്റ്റേഡിയം വേദിയായിട്ടില്ല. ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ചാണ് കണ്ണൂർ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ചത്. പുല്ല് വെച്ചുപിടിപ്പിക്കുകയും ഇന്റര്‍ലോക്ക് പാകുന്നതും ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് നടത്തിയത്.
ഒന്നര മാസത്തോളമായി കേരള ഫുട്ബാൾ അസോസിയേഷൻ ടൂർണമെന്റിന് വേണ്ടിയുള്ള പ്രവൃത്തികൾ നടത്തുന്നുണ്ട്. ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾക്ക് മൈതാനം സജ്ജമായിട്ടുണ്ട്. പവിലിയൻ നിർമാണം ഉൾപ്പെടെ കോർപറേഷൻ നടത്തും. ലൈവ് സ്ട്രീമിങ്ങിന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. കെ.പി.എൽ സംഘാടക സമിതി രൂപവത്കരണം 23ന് കണ്ണൂർ ചേംബർ ഹാളിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.