ജ്വല്ലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങി; തട്ടിപ്പിനിരയായത് അമ്പതോളം പേർ
text_fields
കണ്ണൂർ: സ്വർണ ഇടപാടിലൂടെ നിരവധി പേരെ വഞ്ചിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ. ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരേമ്പത്ത് ഹൗസിൽ കെ.പി. നൗഷാദിനെതിരെയാണ് (47) ടൗൺ പൊലീസ് അന്വേഷണം തുടങ്ങിയത്.
ജ്വല്ലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായാണ് പരാതി. ഇയാൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്. സഫ്രീന എന്ന സ്ത്രീയുടെ പരാതിയിലാണ് നൗഷാദിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ഇതിനുപുറമെ ഏഴോളം പരാതികളും ഇയാൾക്കെതിരെ പൊലീസിൽ കിട്ടിയിട്ടുണ്ട്.
മുസ്ലിം ലീഗ് പുഴാതി മേഖല പ്രസിഡൻറായിരുന്നു നൗഷാദ്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും വാങ്ങി അമ്പതോളം പേരെയാണ് തട്ടിപ്പിനിരയാക്കിയത്. ജ്വല്ലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്.
ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ പലിശ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും. മുദ്രപത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഈടായി നൽകിയിരുന്നു. മൂന്നുവർഷത്തോളം ജ്വല്ലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസം മുമ്പ് ഒഴിവാക്കിയതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.