ജോബ് എക്സ്പോ: തൊഴിൽതേടി ആയിരങ്ങൾ, മുന്നൂറിലേറെ പേർക്ക് ജോലി ഉറപ്പുനൽകി
text_fieldsകണ്ണൂർ: തൊഴിൽരഹിതർക്ക് കൈത്താങ്ങായി കോർപറേഷൻ ‘ജോബ് എക്സ്പോ 2023’. ജില്ലതലത്തിൽ സംഘടിപ്പിച്ച തൊഴില്‍ മേളയിൽ 300ലധികം പേർക്ക് തൽസമയം ജോലി നൽകി. ദേശീയ നഗര ഉപജീവനമിഷന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പള്ളിക്കുന്ന് ശ്രീപുരം സ്കൂളില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചത്.
2006 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത മേളയിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി വിവിധ മേഖലകളിലെ 174 കമ്പനികൾ ഭാഗമായി. ബാങ്കിങ്, അക്കൗണ്ടിങ്, ഏവിയേഷന്‍, ടൂറിസം, ഹെല്‍ത്ത്, ഐ.ടി, എൻജിനീയറിങ്, ടെലികമ്യൂണിക്കേഷൻ, എജുക്കേഷൻ, ഓട്ടോമൊബൈൽ, ഇൻഷൂറൻസ്, റീട്ടെയിൽ തുടങ്ങിയ മേഖകളിലാണ് തൊഴിൽ നൽകിയത്.
ഇതിൽ കേരളത്തിനകത്ത് 314 പേർക്കും കേരളത്തിന് പുറത്ത് ആറു പേർക്കും വിദേശത്ത് 11 പേർക്കും ജോലി ഉറപ്പുനൽകി. വിവിധ തസ്തികകളിലേക്കായി 895 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്ക് കമ്പനികൾ പിന്നീട് വിവരം നൽകും.
മേയർ ടി.ഒ. മോഹനൻ മേള ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം വളരെ കൂടുതലാണെന്നും ആറുമാസത്തിനകം മറ്റൊരു വിശാലമായ ജോബ് കാർണിവൽ കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും മേയർ പറഞ്ഞു.
നഗര ഉപജീവനമിഷന്റെ നേതൃത്വത്തില്‍ നടന്ന സൗജന്യ അക്കൗണ്ടിങ് കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും ജോലി ലഭിച്ചവര്‍ക്കുള്ള ഓഫര്‍ ലെറ്റര്‍ വിതരണവും മേയര്‍ നിര്വ്ഹിച്ചു. കോർപറേഷൻ പരിധിയിൽ പ്ലസ് ടുവിന് മുകളിൽ യോഗ്യതയുള്ള 26,300 തൊഴിൽ രഹിതരുണ്ടെന്നാണ് കണക്കുകൾ.
കഴിഞ്ഞ വർഷം അവസാനത്തോടെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പ്രകാരം സർവേ നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. ശങ്കരാചാര്യ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. പി. ഷമീമ, പി. ഇന്ദിര. സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, മുസ് ലിഹ് മഠത്തില്‍, കുക്കിരി രാജേഷ്, കെ.പി. റാഷിദ്, കെ. ശകുന്തള, പനയൻ ഉഷ, ശ്രീജ ആരംഭൻ, എസ്. ഷഹീദ, പി.വി. ജയസൂര്യൻ, കെ.പി. അനിത, ശ്രീലത, ഷൈജു, ഫാ. ജോയ് കട്ടിയാങ്കൽ, വി. ജ്യോതിലക്ഷമി, വി.പി. അഫ്സില, നിതിൻ, ഷിനോജ്, സുജിത്ത് ജെയിംസ്, ഇ.പി. നൗഷാദ്, പി.പി. ബൈജു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.