സമൂഹ മാധ്യമങ്ങൾ വഴി ജോലി തട്ടിപ്പ്; നാലുപേർക്ക് നഷ്ടമായത് 1.73 കോടി
text_fieldsകണ്ണൂർ: വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് പണം കൈമാറിയ നാലുപേർക്ക് വൻ തുക നഷ്ടമായി. ജില്ലയിലെ നാലുപേരാണ് വഞ്ചിതരായത്. 1,57,70,000 രൂപ, 9,45,151 രൂപ, 6,04,894 രൂപ, 17,998 രൂപ എന്നിങ്ങനെയാണ് പരാതിക്കാർക്ക് നഷ്ടമായത്. തലശ്ശേരി സ്വദേശിക്കാണ് 1,57,70,000 നഷ്ടമായത്. ഒരുവ്യക്തിക്ക് ഒന്നര കോടിയിലധികം രൂപ തട്ടിപ്പിലൂടെ നഷ്ടമാകുന്നത് ഇതാദ്യമാണ്. സമൂഹ മാധ്യമങ്ങൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്. പരസ്യം കണ്ട് പണം നിക്ഷേപിക്കുന്നവർക്ക് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
പണം നൽകി അവർ നൽകുന്ന ഓരോ ടാസ്ക് പൂർത്തീകരിച്ചാൽ ലാഭത്തോടുകൂടി പണം തിരികെ നൽകുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തിൽ ടാസ്ക് പൂർത്തീകരിച്ചാൽ നൽകിയ പണം ലാഭത്തോടെ തിരിച്ചുനൽകി വിശ്വാസം നേടിയെടുക്കും. ഇതുപോലെ മൂന്നുനാല് ടാസ്ക്കുകൾ കഴിയുന്നതുവരെ പണം തിരികെ ലഭിക്കും. പിന്നീട് ടാസ്ക് ചെയ്യുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയും ഒരു ‘ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ് ആകുമെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. ആപ്ലിക്കേഷനിൽ പണം ക്രെഡിറ്റ് ആകുന്നത് കാണിക്കും എന്നല്ലാതെ അത് പിൻവലിക്കാൻ പറ്റുകയില്ല. പിൻവലിക്കുന്നതിനായി ടാക്സ് അടക്കണമെന്നും അതിനുവേണ്ടി പണം ആവശ്യമാണെന്നും ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെടുന്നതല്ലാതെ പിന്നീട് പണം തിരികെ ലഭിക്കുകയില്ല. ഇതോടെയാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. അപ്പോഴേക്കും നല്ലൊരു തുക തട്ടിപ്പുകാരുടെ കൈകളിൽ എത്തുകയും ചെയ്യും. ഇത്തരത്തിൽ നിരവധി പേർക്കാണ് ദിവസേന പണം നഷ്ടമാകുന്നത്.
മുന്നറിയിപ്പുകൾക്ക് ഫലമില്ല; തട്ടിപ്പിൽ കുടുങ്ങുന്നത് " നിരവധിപേർ
കണ്ണൂർ: സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധതരം തട്ടിപ്പിനെക്കുറിച്ചും ഇത്തരം തട്ടിപ്പുകളിൽപെടാതെ സൂക്ഷിക്കണമെന്നുള്ള മുന്നറിയിപ്പും ജില്ലയിലെ സൈബർ പൊലീസ് രണ്ടുവർഷമായി നൽകിവരുന്നുണ്ട്. എന്നിട്ടും തട്ടിപ്പിൽപെടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. വിവിധതരം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളാണ് ഏറെയും. അതിൽ തന്നെ മുന്നിൽ നിൽക്കുന്നത് പാർട്ട് ടൈം ജോലികളാണ്.
നല്ല വേതനവും ആനുകുല്യങ്ങളും വാഗ്ദാനം നൽകിയാണ് സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി തട്ടിപ്പിന് കളമൊരുക്കുന്നത്. ഒരുജോലിയെന്ന യുവജനങ്ങളുടെ ആഗ്രഹം മുതലെടുത്താണ് തട്ടിപ്പുകാർ ചതിക്കുഴിയൊരുക്കുന്നത്. പെട്ടെന്ന് എളുപ്പവഴിയിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹവും പലരെയും ചെന്നെത്തിക്കുന്നത് ഇത്തരം തട്ടിപ്പുകാരുടെ കെണിയിലാണ്. 1.57 കോടി രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശി ഉൾപ്പെടെ നാലുപേരാണ് കഴിഞ്ഞ ദിവസം പരാതിയുമായി സൈബർ പൊലീസിനെ സമീപിച്ചത്.
ജാഗ്രത പുലർത്തണം -സൈബർ പൊലീസ്
വാട്സ് ആപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണമെന്നും സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന കാലത്ത് പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽനിന്ന് വരുന്ന ഇതുപോലുള്ള മെസേജുകളോ കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്നും സൈബർ പൊലീസ് അറിയിച്ചു. ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. അല്ലെകിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകണമെന്നും സൈബർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.