മാട്ടൂൽ -അഴീക്കൽ കടവ്: മറുകര കടക്കണം; ജീവൻ വെള്ളത്തിലാവാതെ..
text_fieldsപഴയങ്ങാടി: ഇത് അഴീക്കൽ കടവ്. വളപട്ടണം പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം. മാട്ടൂൽ, അഴീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടവ്. ഈ കടവിൽ നിന്ന് അഴീക്കോട് പഞ്ചായത്തിലുള്ളവർക്ക്, അഴീക്കൽ കരയിൽ നിന്നു മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സൗത്തിലേക്കും മാട്ടൂൽ സൗത്തിലുള്ളവർക്ക് അഴീക്കലിലേക്കും മറുകര കടക്കണമെങ്കിൽ കരയിൽ നിന്ന് ബോട്ടിലെത്തുന്നതിന് ജീവനും വെള്ളത്തിനുമിടയിലിടുന്ന പലകപ്പാലം കടക്കണം.
ഒന്നുകിൽ ബോട്ടിൽ, അല്ലെങ്കിൽ വെള്ളത്തിെൻറ ആഴക്കയത്തിലേക്ക് എന്നതാണ് അവസ്ഥ. കാലൊന്നു പതറിയാലും പലക ചതിച്ചാലും മറുകര ലക്ഷ്യമിട്ടവർ ചെന്ന് പതിക്കുന്നത് വെള്ളത്തിെൻറ കയത്തിലായിരിക്കും. അഴീക്കൽ കടവിലുണ്ടായിരുന്ന ബോട്ട് ജെട്ടി പൊളിച്ചത് ജലഗതാഗത ടൂറിസം പദ്ധതിയുടെ ഭാഗമായാണ്.
മാട്ടൂൽ -അഴീക്കോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഇരുകരകളിലേക്കും എളുപ്പത്തിൽ എത്താവുന്ന ഏക മാർഗം ഈ കടവിലെ കടത്തുബോട്ട് മാത്രമാണ്.
ടൂറിസം വികസനത്തിനു ബോട്ട് ജെട്ടി പൊളിച്ചതോടെ കടത്തു ബോട്ടടുപ്പിക്കുന്നതിന് സൗകര്യമൊരുക്കി, പൊളിച്ച ബോട്ടുജെട്ടിക്ക് പകരം താൽക്കാലിക ബോട്ട് ജെട്ടി നിർമിക്കുകയായിരുന്നു. തെങ്ങിെൻറ കുറ്റികൾ ഉപയോഗിച്ച് നിർമിച്ച ബോട്ടുജെട്ടിയുടെ കാലുകൾ ഇളകി ജെട്ടി അപകടാവസ്ഥയിലാണ്.
വേലിയിറക്ക സമയത്ത് ബോട്ടുകൾക്ക് കരക്കടുക്കാനാവാത്തതാണ് പ്രധാന പ്രതിസന്ധി. ഈ സമയങ്ങളിൽ പലക ഉപയോഗിച്ച് ബോട്ടിനെയും കരയെയും ബന്ധിപ്പിക്കാൻ പലകയിട്ടാണ് യാത്രക്കാരെ ബോട്ടിൽ നിന്ന് കരയിലേക്ക് കടത്തുന്നത്. ഈ പലകകൾ വഴി കുട്ടികളും സ്ത്രീകളും വൃദ്ധരും ഭീതിയോടെയാണ് ബോട്ടിൽ നിന്ന് കരയിലേക്കും കരയിൽ നിന്ന് ബോട്ടിലേക്കും കടക്കുന്നത്.
അഴീക്കൽ കടവിൽ സംസ്ഥാന ജലഗതാഗത വകുപ്പിെൻറ ബോട്ടാണ് സർവിസ് നടത്തുന്നത്. പതിറ്റാണ്ടുകളായി മാട്ടൂൽ ഗ്രാമപഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് കടത്തിനായി കടവ് ലേലം ചെയ്തു നൽകുന്ന രീതിയായിരുന്നു. സ്വകാര്യ വ്യക്തികൾ നിരുത്തരവാദപരമായി കാലഹരണപ്പെട്ട ബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും ആളുകളെ കടത്തുന്നതിനുപയോഗിച്ചതോടെ ജീവന് ഭീഷണിയുയർന്നു.
നാല് വർഷം മുമ്പ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടത്ത് ബോട്ട് എൻജിൻ തകരാറായി യാത്രക്കാരുമായി കടൽ ഭാഗത്തേക്ക് ഒഴുകിയെങ്കിലും ഭാഗ്യം കൊണ്ടാണ് വൻ ദുരന്തമൊഴിവായത്.
ഇതേത്തുടർന്ന് പ്രതിഷേധം ശക്തമായതോടെ മാട്ടൂൽ പഞ്ചായത്ത് കടവ് ലേലം ചെയ്യുന്ന രീതി അവസാനിപ്പിക്കുകയും സ്വകാര്യ വ്യക്തികൾക്ക് സൗജന്യമായി ബോട്ട് സർവിസിന് അനുമതി നൽകുകയും ചെയ്തു. ഇത് വൻ വിവാദമായതിനെ
തുടർന്നാണ് പൊതുജനങ്ങളുടെയും പഞ്ചായത്തിെൻറയും ആവശ്യത്തെത്തുടർന്ന് ജലഗതാഗത വകുപ്പിെൻറ ബോട്ട് സർവിസ് ആരംഭിച്ചത്.
രണ്ട് പഞ്ചായത്തിെൻറയും കരകളിൽ താമസിക്കുന്നവർക്ക് അഴീക്കൽ കടവിലെ കടത്തു ബോട്ട് മാത്രമാണ് ഇരുകരകളിലുമെത്തുന്നതിന് ഏക ആശ്രയം. 15 മിനിറ്റുകൾക്കകം ഇതുവഴി ഇരുകരകളിലുമെത്താം. പകരം കരമാർഗം വാഹനങ്ങളെ ആശ്രയിച്ചാൽ ഒന്നര മണിക്കൂർ വേണ്ടി വരും. വൻ സമയ, സാമ്പത്തിക നഷ്ടമാണ് ഇതു വഴി ഉണ്ടാവുക.
സർക്കാർ -സർക്കാറിതര ജീവനക്കാർ, കൂലി തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരടങ്ങുന്ന നൂറു കണക്കിനാളുകൾ കണ്ണൂർ, പഴയങ്ങാടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ഈ കടവ് വഴിയാണ് ദിനംപ്രതി ഇരു കരകളിലുമെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.