കണ്ണൂരിന്റെ സുധാ‘കരം’
text_fieldsകണ്ണൂർ: സി.പി.എം പാർട്ടി കേന്ദ്രങ്ങളിലടക്കം വോട്ട് മറിഞ്ഞപ്പോൾ കണ്ണൂരിന്റെ കരുത്തായി കെ. സുധാകരൻ. കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ വരെ തെറ്റിച്ചാണ് പാർട്ടി അധ്യക്ഷൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയത്. തെരഞ്ഞെടുപ്പ് സർവേകളിലും ചർച്ചകളിലും യു.ഡി.എഫിനേയും എല്‍ഡി.എഫിനേയും ഒരുപോലെ പിന്തുണക്കുന്ന മണ്ഡലമായാണ് കണ്ണൂരിനെ കണ്ടിരുന്നത്. 10,000 മുതൽ 50,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുധാകരൻ വിജയിക്കുമെന്നായിരുന്നു കോൺഗ്രസ് വിലയിരുത്തൽ. എന്നാൽ, കണക്കുകൾക്കെല്ലാം ഉപരിയായി 1,08,982 വോട്ടുകൾ നേടിയാണ് കണ്ണൂരിന്റെ കെ.എസ് ഡൽഹിയിലേക്ക് വണ്ടി കയറുന്നത്. 2019ൽ നേടിയതിനേക്കാൾ 14,423 വോട്ടുകൾ അധിക ഭൂരിപക്ഷമായി യു.ഡി.എഫ് പെട്ടിയിലായി.
ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, പേരാവൂര്‍ എന്നിവ. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മടത്തും (2,616) കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോഡ് ഭൂരിപക്ഷം നേടിയ മട്ടന്നൂരിലും (3,034) മാത്രമാണ് എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ 8787 വോട്ടുകൾക്കാണ് സുധാകരൻ ലീഡ് ചെയ്തത്.
കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ സംഘടനരംഗത്ത് കരുത്തനായ സുധാകരൻ മുന്നണിയിലും സ്വീകാര്യനായതിനാൽ കക്ഷികളുടെയും വോട്ട് ഉറപ്പിക്കാനായി. ഇത്തവണ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ആദ്യം മാറിനിന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തിൽ യു.ഡി.എഫ് പ്രതിസന്ധി നേരിട്ടപ്പോൾ ഏവർക്കും സ്വീകാര്യനെന്ന നിലയിലാണ് വീണ്ടും സുധാകരനെത്തിയത്. കണ്ണൂരിൽ സുധാകരൻ മതിയെന്ന അഭിപ്രായം ലീഗിനുമുണ്ടായിരുന്നു. കേരളമൊന്നടങ്കം ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിന്റെ കൊടുങ്കാറ്റ് കണ്ണൂരിലെ സി.പി.എം കോട്ടകൾ തകർത്താണ് നിന്നത്.
●കണക്കിൽ പാളി എൽ.ഡി.എഫ്
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും എൽ.ഡി.എഫിന്റേതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനമാണ് ഈ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് കാഴ്ചവെച്ചത്. ഈ ആത്മവിശ്വാസത്തിലാണ് കണ്ണൂർ പിടിക്കാൻ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ തന്നെ പാർട്ടി രംഗത്തിറക്കിയത്. എന്നാൽ, പാർട്ടി കോട്ടകളിൽവരെ വോട്ടുചോർച്ചയുണ്ടായി. ഇടതുമണ്ഡലങ്ങളിൽ 80 ശതമാനത്തിന് മുകളിൽ പോളിങ് നടന്നിട്ടും ജയരാജനെ ജയം തുണച്ചില്ല.
ഇരിക്കൂറും പേരാവൂരുമാണ് യു.ഡി.എഫ് കോട്ടകള്‍. നിലവില്‍ ജില്ലയിലെ ആകെയുള്ള യു.ഡി.എഫ് എം.എല്‍.എമാര്‍ ഈ മണ്ഡലങ്ങളില്‍ നിന്നാണ്. ഇരിക്കൂറും (72.50%) പേരാവൂരും (74.54%) കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന് തലവേദനയും എൽ.ഡി.എഫിന് പ്രതീക്ഷയും നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം കാറ്റിൽപറത്തിയാണ് കെ. സുധാകരൻ വിജയം നേടിയത്. ഇരിക്കൂറിൽ 34,786 വോട്ടുകളുടെയും പേരാവൂരിൽ 23,481 വോട്ടുകളുടെയും ലീഡ് നേടി. ഇരുമുന്നണികള്‍ക്കും സ്വാധീനമുള്ള കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും സുധാകരൻ ലീഡ് ഉയർത്തി.
●ബി.ജെ.പി കയറി
സി.പി.എം കോട്ടകൾ തകർന്നടിഞ്ഞപ്പോൾ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ കഴിഞ്ഞ വർഷത്തേക്കാൾ അരലക്ഷത്തിലേറെ അധികവോട്ടുകൾ നേടി. ബി.ജെ.പി പാളയത്തിലെത്തിയ മുൻ കോൺഗ്രസ് നേതാവ് സി. രഘുനാഥിനെ തന്നെ കളത്തിലിറക്കിയ എൻ.ഡി.എ 1,19,876 വോട്ടുകൾ നേടി. 2019ൽ ബി.ജെ.പിയുടെ തലമുതിർന്ന നേതാവ് സി.കെ. പത്മനാഭൻ നേടിയ (68,509) വോട്ടിനേക്കാൾ 51,367 വോട്ടുകൾ അധികം നേടിയാണ് എൻ.ഡി.എ കരുത്തറിയിച്ചത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് വന്നയുടൻ രഘുനാഥിനെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പിയിലെ ഒരുപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നെങ്കിലും അതൊന്നും വോട്ടിൽ ബാധിച്ചില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എൻ.ഡി.എ വോട്ട് വർധിച്ചു. തളിപ്പറമ്പിലും ധർമടത്തും ബി.ജെ.പി വോട്ടുകൾ ഇരട്ടിച്ചു.
●തപാൽ വോട്ടിൽ ജയരാജൻ
കണ്ണൂർ: തപാൽ വോട്ടിൽ നേട്ടമുണ്ടാക്കിയത് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജൻ. ആകെ 17,386 വോട്ടുകളിൽ 6,928 വോട്ടുകളാണ് ജയരാജൻ നേടിയത്. യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരന് 6,258 വോട്ട് ലഭിച്ചു. എൻ.ഡി.എ സ്ഥാനാർഥി സി. രഘുനാഥ് 1,524 വോട്ടും നേടി. തപാൽവോട്ടിൽ 155 വോട്ട് നോട്ടക്കും ലഭിച്ചു. ആകെ 17,386 വോട്ടുകൾ പോൾ ചെയ്തപ്പോൾ 2,316 വോട്ടുകൾ അസാധുവായി.
ജനദ്രോഹ ഭരണത്തിനെതിരെയുള്ള ഇരട്ട പ്രഹരം -കെ. സുധാകരൻ
നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഏകാധിപത്യ ഭരണാധികാരികൾക്കും വർഗീയ ശക്തികൾക്കും കേരളത്തിന്റെ മതേതര മനസ്സിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. സാധാരണക്കാരെ മറന്ന് കോർപറേറ്റുകളെയും മാഫിയ സംഘങ്ങളെയും വഴിവിട്ട് സഹായിച്ച മോദിക്കും പിണറായിക്കും ജനം നൽകിയ ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.
തൃശൂരിലെയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. സി.പി.എം-ബി.ജെ.പി അന്തർധാര കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നതിന് തെളിവാണ് തൃശൂരിലെ ബി.ജെ.പിയുടെ വിജയമെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.