കണ്ണൂരിൽ കടന്നപ്പള്ളി തന്നെ, ആരാകും എതിരാളി ?
text_fieldsകണ്ണൂർ: കണ്ണൂർ നിയമസഭ മണ്ഡലത്തിൽ ഇടതുപാളയത്തിൽ രണ്ടാമതും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തന്നെ മത്സരിച്ചേക്കും. ചൊവ്വാഴ്ച കോവിഡ് വാക്സിൻ സ്വീകരിക്കാൻ ജില്ല ആശുപത്രിയിലെത്തിയ അദ്ദേഹംതന്നെ ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർക്ക് സൂചന നൽകി.
വലതിെൻറ ഉറച്ചകോട്ടയായ കണ്ണൂരിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി സതീശൻ പാച്ചേനിക്കെതിരെ നേരിയ വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി ജയിച്ചത്.
മറ്റു ഘടകക്ഷികളുടെയടക്കം സീറ്റ് പ്രഖ്യാപനത്തിന് മുേമ്പ മണ്ഡലത്തിൽ സജീവമാകാൻ സി.പി.എം കടന്നപ്പള്ളിയോട് ആവശ്യപ്പെടുകയായിരുന്നു. സി.പി.എമ്മിെൻറയും പിണറായിയുടെയും വിശ്വസ്തനായ കടന്നപ്പള്ളിക്ക് ഇത് രണ്ടാം തവണയാണ് കണ്ണൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് ടിക്കറ്റ് ലഭിക്കുന്നത്. കഴിഞ്ഞ തവണ 1196 വോട്ടിനാണ് എൽ.ഡി.എഫിെൻറ ഘടകകക്ഷിയായ കോൺഗ്രസ് എസിലെ കടന്നപ്പള്ളി കണ്ണൂർ മണ്ഡലത്തെ ഇടതിനൊപ്പം ചേർത്തത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥിയായി എത്തുകയാണെങ്കിൽ മണ്ഡലത്തിലെ പോരാട്ടത്തിന് ചൂട് കൂടും.
ആദ്യഘട്ടത്തിൽ യു.ഡി.എഫിൽ കഴിഞ്ഞ തവണ മത്സരിച്ച ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ പേരായിരുന്നു ഉയർന്നുവന്നത്. എന്നാൽ, മുല്ലപ്പള്ളി മത്സരിക്കാൻ എത്തിയേക്കുമെന്ന പ്രചാരണമുണ്ട്. മുല്ലപ്പള്ളി ജയിച്ച് നിയമസഭയിലെത്തിയാൽ നിലവിൽ കെ.പി.സി.സി വർക്കിങ് പ്രസിഡൻറായ കെ. സുധാകരൻ എം.പിക്കായിരിക്കും അടുത്ത കെ.പി.സി.സി അധ്യക്ഷപദവിക്ക് സാധ്യത.
കെ. സുധാകരൻ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിലായിരുന്നു. ഇതേതുടർന്നാണ് പാച്ചേനിക്ക് കണ്ണൂരിൽ നറുക്കുവീണത്. കെ. സുധാകരെൻറ വിശ്വസ്തരും പ്രധാന പ്രവർത്തകരും കഴിഞ്ഞ തവണ ഉദുമ കേന്ദ്രീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. ഇത് പാച്ചേനിയുടെ പരാജയത്തിന് കാരണമായി വിലയിരുത്തിയിരുന്നു.
1996 മുതൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാവായ കെ. സുധാകരനാണ് മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയത്. 2009ൽ ലോക്സഭാംഗമായി കെ. സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മണ്ഡലം ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യംവഹിച്ചു. ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുവേണ്ടി സി.പി.എമ്മിലെ എം.വി. ജയരാജനും കോൺഗ്രസിൽ എ.പി. അബ്ദുല്ലക്കുട്ടിയും തമ്മിലായിരുന്നു പോരാട്ടം. വാശിയേറിയ പോരാട്ടത്തിൽ അബ്ദുല്ലക്കുട്ടി നിയമസഭയിലെത്തി. 2011ൽ എൽ.ഡി.എഫിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെ തോൽപിച്ച് അബ്ദുല്ലക്കുട്ടി വീണ്ടും എം.എൽ.എയായി. 2016ൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ തോൽപിച്ചാണ് രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പിൽ കടന്നപ്പള്ളി 54,347 വോട്ട് നേടിയപ്പോൾ സതീശൻ പാച്ചേനിക്ക് 53,151വോട്ടാണ് കിട്ടിയത്. ബി.ജെ.പിയിലെ കെ.ജി. ബാബു 13,215 വോട്ടും കരസ്ഥമാക്കി. എസ്.ഡി.പി.െഎ 2551 വോട്ടും വെൽഫെയർപാർട്ടി സ്ഥാനാർഥി 1134 വോട്ടുമാണ് നേടിയത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. സുധാരകൻ എം.പിക്ക് 23,423 വോട്ടിെൻറ ഭൂരിപക്ഷം കിട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ഭൂരിപക്ഷം 301 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.