ഒഴിയാതെ മലിനജലം; നോക്കുകുത്തിയായി കക്കാട് നീന്തൽക്കുളം
text_fieldsകണ്ണൂർ: കക്കാട് പുഴയോരത്ത് അരക്കോടി രൂപ ചെലവിൽ നിർമിച്ച നീന്തൽക്കുളം ഉപേയാഗിക്കാനാവാത്ത അവസ്ഥയിൽ. നീന്തൽ പരിശീലനത്തിനായി അത്യാധുനിക രീതിയിൽ നിർമിച്ച കുളം പുഴയിൽനിന്ന് മലിനജലം കയറുന്നതിനാൽ നോക്കുകുത്തിയാവുകയാണ്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും മലിനജലം കയറിയതിനാൽ കുളത്തിലെ യന്ത്രസാമഗ്രികൾക്കടക്കം തകരാറ് സംഭവിച്ചിരുന്നു. തുടർന്ന് തകരാറിലായ യന്ത്രഭാഗങ്ങൾ നന്നാക്കി. പുതിയ വെള്ളം നിറക്കാൻ വാട്ടർ അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും കോവിഡ് കാരണം നീന്തൽകുളങ്ങൾ അടച്ചതോടെ നീണ്ടുപോവുകയായിരുന്നു.
വെള്ളത്തിന് ഗുണനിലവാരമില്ലാത്തതിനാൽ കുളം നീന്തൽ മത്സരങ്ങൾ അടക്കമുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല. പുഴയിൽ നിന്നും ഏറ്റവും കൂടുതൽ മലിനജലം കയറുന്നിടത്ത് നീന്തൽക്കുളം ഒരുക്കുന്നതിൽ അപാകതയുണ്ടെന്നാരോപിച്ച് നേരത്തെ പരിസ്ഥിതി പ്രവർത്തകരും കായികപ്രേമികളും രംഗത്തെത്തിയിരുന്നു. ആളുകൾ എത്താതായതോടെ കുളവും പരിസരവും കന്നുകാലികളും തെരുവുനായ്ക്കളും കൈയടക്കിയ നിലയിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് ഒരുക്കിയ നിലവും മറ്റും കന്നുകാലികൾ ചവിട്ടി നശിപ്പിച്ചിട്ടുണ്ട്.
ഇവ കയറാതിരിക്കാൻ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഇവിടെയില്ല. അതേസമയം മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന് പുതിയ നീന്തൽക്കുളവും കബഡി േകാർട്ടും അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ 50 മീറ്റർ നീന്തൽക്കുളമാണ് നിർമിക്കുക.
അശാസ്ത്രീയമായി കക്കാട് പുഴയോരത്ത് നിർമിച്ച നീന്തൽക്കുളം മുണ്ടയാട് പുതിയകുളം വരുന്നതോടെ സ്പോർട്സ് കൗൺസിൽ ഉപേക്ഷിക്കുമെന്നും ആരോപണമുണ്ട്. അതേസമയം, കക്കാട് നീന്തൽക്കുളം നവീകരിക്കാനായി ഫണ്ട് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കുളം പൂർണമായും ഉപയോഗയോഗ്യമാക്കുമെന്നും സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് കെ.കെ. പവിത്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.