കക്കാട്ട് പോർക്കളമൊരുങ്ങി
text_fieldsകണ്ണൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോർപറേഷൻ പത്താം ഡിവിഷനായ കക്കാട്ട് മൂന്ന് മുന്നണികൾക്കും സ്ഥാനാർഥികളായി. എൽ.ഡി.എഫ് ഇക്കുറി സ്വതന്ത്ര സ്ഥാനാർഥിയായി കെ.പി. ഷംനത്തിനെയാണ് കളത്തിലിറക്കുന്നത്. യു.ഡി.എഫിൽ വനിത ലീഗ് കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറിയായ പി. കൗലത്താണ് മത്സരരംഗത്തുള്ളത്. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം എൻ.വി. ഹരിപ്രിയയും തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നുണ്ട്.
ഹരിപ്രിയ തുളിച്ചേരി ഡിവിഷനിൽനിന്ന് മുമ്പ് ജനവിധി തേടിയിട്ടുണ്ട്. യു.ഡി.എഫ് കൗൺസിലറായിരുന്ന മുസ്ലിം ലീഗിലെ വി.പി. അഫ്സീല സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഇപ്പോൾ മത്സരം നടക്കുന്നത്. കഴിഞ്ഞ തവണ 467 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അഫ്സീല ഇവിടെനിന്ന് ജയിച്ചത്.
1234 വോട്ട് യു.ഡി.എഫിന് ലഭിച്ചപ്പോൾ എൽ.ഡി.എഫ് 776 വോട്ട് നേടി. ബി.ജെ.പിക്ക് 130 വോട്ടും എസ്.ഡി.പി.ഐക്ക് 129 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണയും ഷംനത്ത് തന്നെയായിരുന്നു കക്കാട്ടുനിന്ന് എൽ.ഡി.എഫിനായി ജനവിധി തേടിയത്. ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മേയ് 18ന് രാവിലെയാണ് വോട്ടെണ്ണൽ. മൂന്ന് സ്ഥാനാർഥികളും വരണാധികാരികൾക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.