കളമശ്ശേരി സ്ഫോടനം; കണ്ണൂരിൽ ജാഗ്രത, പൊലീസ് പരിശോധന
text_fieldsകണ്ണൂർ: കളമശ്ശേരി യഹോവസാക്ഷികളുടെ സമ്മേളനത്തില്‍ സ്ഫോടനമുണ്ടായ സാഹചര്യത്തില്‍ കണ്ണൂരിലും ജാഗ്രത നിർദേശം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ആളുകൾ കൂടുന്നയിടങ്ങളിലും പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആ.പി.എഫും പൊലീസും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്ന് ഝാർഖണ്ഡ് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്ന ഇയാളുടെ ബാഗിൽ നിരവധി ലഘുലേഖകളും രസീതുകളും കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയും പരിശോധന നടന്നു. കണ്ണൂർ സിറ്റി പൊലീസിന്റെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ആര്.പി.എഫും ചേർന്നാണ് പരിശോധന നടത്തിയത്. റെയിൽവേ പോലീസ് എസ്.ഐ ഉമേശ്, ആർ.പി.എഫ് എസ്.ഐ. ചന്ദ്രൻ, ഹെഡ് കോൺസ്റ്റബിൾ എം.വി. അബ്ദുൽ അസീസ്, സോജൻ, സാജിത്ത്, ഡോഗ് സ്ക്വാഡിലെ റനീഷ്, നിഗീഷ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ട്രെയിൻ കമ്പാർട്ടുമെന്റുകളിലും ബസുകളിലും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. സംശയം തോന്നിയ യാത്രക്കാരെയും ബാഗുകളും പരിശോധിച്ചു. റെയിൽവേ സ്റ്റേഷനിലെ മാലിന്യ ബാസ്കറ്റുകളും ലഗേജുകളും പരിശോധനക്ക് വിധേയമാക്കി.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ, മാർക്കറ്റുകൾ, കൺവെൻഷൻ സെന്ററുകൾ, ആരാധനാലയങ്ങൾ തുടങ്ങിയിടങ്ങളിൽ പൊലീസ് പട്രോളിങ് നടത്തി. ആളുകൾ കൂടുന്നയിടങ്ങളിലും മതപരമായ ചടങ്ങുകൾ നടക്കുന്നയിടങ്ങളിലും ജാഗ്രത വേണമെന്ന് പൊലീസിന് നിർദേശമുണ്ടായിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടുന്നയിടങ്ങളിൽ പൊലീസ് പരിശോധന നടത്തി.
തലശ്ശേരി: കളമശ്ശേരി ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച ആര്.പി.എഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആര്.പി.എഫ് സബ് ഇന്‍സ്പെക്ടര്‍ കെ.വി. മനോജ് കുമാര്‍, കോണ്‍സ്റ്റബിള്‍ റിബേഷ്, റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് പൊലീസും സി.ഐ.എസ്.എഫും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കി. കമീഷണറുടെ നിർദേശ പ്രകാരം വിമാനത്താവളത്തിലെത്തിയ വാഹനങ്ങള്‍ പരിശോധന നടത്തുകയും പരിശോധന തുടരുകയും ചെയ്തു. ബോംബ് സ്ക്വാഡും പരിശോധനയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.