കല്യാശ്ശേരി ഇനി ക്ലീനാകും; പാഴ്വസ്തു ശേഖരണത്തിനു സമഗ്ര പദ്ധതി
text_fieldsപഴയങ്ങാടി: ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളെയും മാലിന്യമുക്തമാക്കി കല്യാശ്ശേരി മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്താകാൻ ഒരുങ്ങുന്നു. ഇതിനായി പാഴ്വസ്തു ശേഖരണത്തിനു സമഗ്ര പദ്ധതികളാണ് നടപ്പാക്കുന്നത്.മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, ചെറുകുന്ന്, കണ്ണപുരം, നാറാത്ത്, കല്യാശ്ശേരി എന്നീ എട്ട് പഞ്ചായത്തുകളെയും മൂന്ന് വർഷത്തിനകം മാലിന്യമുക്തമാക്കും.ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള പാഴ് വസ്തു ശേഖരണം 100 ശതമാനത്തിലെത്തിക്കും. ബ്ലോക്ക് പരിധിയിലെ എല്ലാ വീടുകളിലും ഏതെങ്കിലുമൊരു ജൈവ കമ്പോസ്റ്റിങ് സംവിധാനം ഉറപ്പുവരുത്തും. പഞ്ചായത്തുകളിലെ മെറ്റീരിയൽ ശേഖരണ കേന്ദ്രങ്ങളിൽ ഏറ്റവും മികച്ചതിന് പുരസ്കാരം നൽകാനും കർമപദ്ധതിയിൽ നിർദേശമുണ്ട്.
പഞ്ചായത്തുകളിൽ ആവശ്യമായ ഇടങ്ങളിലെല്ലാം മിനി മെറ്റീരിയൽ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബ്ലോക്ക് പഞ്ചായത്ത് ഇടപെടും. ഇത്തരം കാര്യങ്ങളിൽ പൂർണത കൈവരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തും.
സഹായത്തിന് മൊബൈൽ ആപ്
മൊബൈൽ ആപ് ഉപയോഗിച്ച് പ്രത്യേക പ്രദേശത്തെ മാലിന്യ ശേഖരണം, അതിെൻറ നീക്കം, യുസർ ഫീ ശേഖരണം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് പ്രാഥമിക ഘട്ടത്തിൽ ബ്ലോക്ക് പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും ഏർപ്പെടുത്തുന്നത്. എല്ലാ വീടുകളിലും കൃത്യമായ മാലിന്യ ശേഖരണ സംവിധാനം ഉണ്ടാക്കുക, മാലിന്യം നൽകാത്ത വീടുകളെ കണ്ടെത്തുക, ലഭിച്ച യൂസർ ഫീ സംബന്ധിച്ച കൃത്യമായ കണക്ക് ലഭ്യമാക്കുക, ഹരിത കർമസേന അംഗങ്ങൾ ഓരോ ദിവസവും ചെയ്യുന്ന ജോലിയുടെ വ്യാപ്തി കൃത്യതയോടെ കണ്ടെത്തുക, ശേഖരിക്കുന്ന മാലിന്യത്തിെൻറ കൃത്യമായ അളവ് ലഭ്യമാക്കുക, ഹരിത കർമസേന, വാതിൽപടി സേവനത്തിന് എത്തുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ അത്തരം വീടുകളുടെ ഉടമസ്ഥന് പ്രത്യേക സന്ദേശമയച്ച് മാലിന്യ സംസ്കരണത്തെക്കുറിച്ച് ഓർമപ്പെടുത്തുക തുടങ്ങിയവക്ക് ഡിജിറ്റൽ സംവിധാനം സഹായകരമാകും. പഞ്ചായത്ത് തലത്തിലാണ് ഈ സംവിധാനം പ്രവർത്തിക്കുക.
ഹരിത കർമസേന അംഗങ്ങൾ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യം ശേഖരിക്കും. ലഭിക്കുന്ന മാലിന്യത്തിെൻറ അളവ് രേഖപ്പെടുത്തൽ, യൂസർ ഫീ രേഖപ്പെടുത്തൽ, വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച തീയതി രേഖപ്പെടുത്തൽ തുടങ്ങിയവ ഡിജിറ്റൽ ആപ് വഴി ഹരിത കർമസേന നിർവഹിക്കും. പഞ്ചായത്തു തലങ്ങളിലും നിരീക്ഷണ കമ്മിറ്റികൾ രൂപവത്കരിക്കും. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ, വി.ഇ.ഒ, പഞ്ചായത്ത് അസി. സെക്രട്ടറി, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എന്നിവരായിരിക്കും പഞ്ചായത്തുതല നിരീക്ഷണ കമ്മിറ്റി അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.