കാഞ്ഞിരക്കൊല്ലി, പാലക്കയം തട്ട്, പൈതൽ മല റോഡുകൾ തകർന്നു; വഴിമുട്ടി വിനോദയാത്ര
text_fieldsശ്രീകണ്ഠപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ തകർന്ന് യാത്ര വഴിമുട്ടി. നൂറുകണക്കിന് സഞ്ചാരികൾ ദിവസവും എത്തുന്ന കാഞ്ഞിരക്കൊല്ലി, പാലക്കയംതട്ട്, പൈതൽ മല എന്നിവിടങ്ങളിലേക്കുള്ള റോഡുകളാണ് തകർന്ന് യാത്രക്കാർക്ക് ദുരിതം നൽകുന്നത്. മലയോര മേഖലയിലെ പ്രകൃതിഭംഗി നുകരാൻ ദിനംപ്രതി നിരവധി സഞ്ചാരികൾ ഇവിടങ്ങളിലേക്ക് എത്തിച്ചേരുന്നുണ്ട്. എന്നാൽ, റോഡ് കാണുമ്പോൾ നിരാശയാണ് അനുഭവമെന്ന് സഞ്ചാരികൾ പറയുന്നു.
മൂന്നു വഴികളിലൂടെ പാലക്കയം തട്ടിലെത്താമെങ്കിലും മൂന്ന് റോഡും തകർന്നുകിടക്കുകയാണ്. ചെറിയ ചെലവിൽ നേരിട്ട് എത്തിച്ചേരാൻ പറ്റുമായിരുന്ന യാത്രക്കാർ ഇതുമൂലം വലിയ വാടക നൽകി ജീപ്പുകളെ ആശ്രയിക്കുകയാണ്. തകർന്ന റോഡുകൾ അപകടം വരുത്തിെവക്കുമെന്ന ആശങ്കയുമുണ്ട്. മണ്ടളത്തുനിന്ന് പാലക്കയത്തേക്കു പോകുന്ന റോഡാണ് പാടെ തകർന്നത്.
ടാറിങ് ഇളകി പാറക്കല്ലുകൾ പുറത്തായ നിലയിലാണ് ഈ റോഡ്. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾക്ക് ഈ റോഡ് വഴി പോകാൻ പറ്റുന്നില്ല. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർ അറിയാതെ ഇതുവഴി വന്ന് ദുരിതത്തിലാവുന്നത് പതിവാണ്. യാത്ര തുടരാനാകാതെ പാതിവഴിയിൽ വലിയ തുക നൽകി ജീപ്പുകളെ ആശ്രയിക്കേണ്ടിവരുന്നതായി യാത്രക്കാർ പറയുന്നു. 800മുതൽ 1000 രൂപ വരെയാണ് ഇരു ഭാഗത്തേക്കും കൂടി ജീപ്പുകാർ വാങ്ങിക്കുന്നത്.
അമിത വാടകയ്ക്കെതിരെ പരാതികൾ വ്യാപകമായിട്ടും നിയന്ത്രിക്കാൻ നടപടിയില്ല. പുലിക്കുരുമ്പ- കൈതളം വഴിയുള്ള റോഡും പലയിടങ്ങളിലും തകർന്നിട്ടുണ്ട്. ഈ റോഡിൽ കുരിശടിക്ക് സമീപത്തുനിന്നു ജീപ്പിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.700 രൂപയാണ് ജീപ്പ് വാടക വാങ്ങുന്നത്. തുരുമ്പിയിൽനിന്ന് പാലക്കയത്തെത്തുന്നവർക്കും നല്ല റോഡില്ലാത്തത് ബുദ്ധിമുട്ടായിട്ടുണ്ട്. രണ്ടു വഴിയിലൂടെ പോകാവുന്ന ഇവിടെനിന്ന് 400ഉം 500ഉം രൂപയാണ് സഞ്ചാരികൾ വാടക നൽകേണ്ടിവരുന്നത്.
കുടിയാന്മലയിൽനിന്ന് പൊട്ടൻ പ്ലാവ് വഴി പൈതൽമലയിൽ എത്തുന്നവരും ദുരിതത്തിലാണ്. ഒരുവർഷത്തിലധികമായി തുടരുന്ന റോഡിെൻറ വീതികൂട്ടൽ പണി ഇനിയും പൂർത്തിയായിട്ടില്ല. പൊട്ടൻ പ്ലാവിനുശേഷം നിരവധി സ്ഥലങ്ങളിൽ കല്ലിളകി കിടക്കുകയാണ്. മനയാനി കവലക്കുശേഷം 100 മീറ്ററിലധികം റോഡില്ലാത്ത അവസ്ഥയുണ്ട്. പൈതൽമല റോഡിന് വീതിയില്ലാത്തതുമൂലം അപകടങ്ങൾ പെരുകുന്നതായി നാട്ടുകാർ പറയുന്നു. റോഡരികിൽ കാട് വളർന്നു നിൽക്കുന്നതുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാത്തതാണ് അപകടങ്ങൾക്ക് കാരണം. പൈതൽമല റോഡ് വീതികൂട്ടി മെക്കാഡം ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാണ്. കാഞ്ഞിരക്കൊല്ലിയിലേക്കുള്ള റോഡ് പാടാംകവല മുതൽ പൂർണമായും തകർന്ന നിലയിലാണ്.
കാഞ്ഞിരക്കൊല്ലിയിലെത്തിയാൽ ശശിപ്പാറയിലേക്കും അളകാപുരി വെള്ളച്ചാട്ടത്തിലേക്കുമുള്ള റോഡും തകർന്നത് സഞ്ചാരികൾക്ക് ദുരിതം ഇരട്ടിയാക്കുന്നുണ്ട്. അളകാപുരി വെള്ളച്ചാട്ടം മുതൽ ശശിപ്പാറവരെ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ നടന്നുകയറാൻ പോലും കഴിയാത്ത അവസ്ഥയാണ്. വനം വകുപ്പിന് കീഴിൽ വരുന്ന പ്രദേശമായതിനാൽ പയ്യാവൂർ പഞ്ചായത്ത് അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മഴവെള്ളത്തിൽ റോഡ് ഒലിച്ചുപോയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കാൻ അധികൃതർ ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.