Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപറക്കാൻ ആകാശമില്ലാതെ...

പറക്കാൻ ആകാശമില്ലാതെ കണ്ണൂർ

text_fields
bookmark_border
Kannur Airport
cancel

കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാ​രൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി. റൺവേയും റെഡി. എല്ലാ സൗകര്യങ്ങളുമുണ്ട്. പക്ഷേ, പറന്നുയരാൻ ആകാശം (വിമാനം) മാത്രമില്ല.

ഇനി കേരള മുഖ്യമന്ത്രി പറയുന്നത് കേൾക്കുക: ‘‘കണ്ണൂർ വിമാനത്താവളത്തിന്റെKannur Airport ഈയവസ്ഥയിൽ പ്രത്യേക മാനസിക സുഖമാണ് കേന്ദ്രസർക്കാറിന് ലഭിക്കുന്നത്. പോയന്റ് ഓഫ് കോൾ പദവി നൽകുന്നകാര്യത്തിൽ തലതിരിഞ്ഞ നിലപാടാണ് കേന്ദ്രത്തിന്റേത്’’- ഒരു വിമാനത്താവളത്തിന്റെ അവസ്ഥയെന്തെന്ന് അറിയാൻ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ മാത്രം മതി.

കണ്ണൂരിന്റെ ചിറകരിഞ്ഞതിന്റെ ഉത്തരവാദിത്തം കേന്ദ്രസർക്കാറിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് സ്ഥാപിക്കുക കൂടിയാണ് മുഖ്യമന്ത്രി. ഉത്തരവാദി ആരായാലും കണ്ണൂർ വിമാനത്താവളത്തിന്റെ ഗതി ഒട്ടും ആശാവഹമല്ലെന്ന് വ്യക്തം. യാത്രക്കാർ ഏറെയുണ്ടായിട്ടും വിമാനങ്ങളിലാത്തതിനാൽ ആർക്കും പ്രയോജനമില്ലാത്ത സ്ഥിതി. കണ്ണൂരിൽനിന്നുള്ള എം.പിമാർ നിരന്തരം പാർലമെന്റിൽ ഉന്നയിച്ചിട്ടും ഒരുഫലവുമില്ല.

റൺവേയിൽ മുൻനിരയിൽ

2018 ഡിസംബർ ഒമ്പതിനാണ് സംസ്ഥാനത്തെ നാലാമത്തെ രാജ്യാന്തര വിമാനത്താവളം മട്ടന്നൂരിനടുത്ത് മൂർഖൻപറമ്പിൽ നാടിന് സമർപ്പിച്ചത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഗോ ഫസ്റ്റ്, ഇൻഡിഗോ എയർലൈൻസ് എന്നിവരാണ് തുടക്കത്തിൽ സർവിസ് നടത്തിയത്. മികച്ചനിലയിൽ കുതിച്ച് മുന്നോട്ടുപോയ വിമാനത്താവളം നിലവിൽ വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികൾ മാത്രമാണ് ഇപ്പോൾ സർവിസ് നടത്തുന്നത്.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് നിർത്തിയതും മറ്റ് എയർലൈനുകൾ കടന്നുവരാത്തതും വിദേശവിമാനങ്ങൾ എത്താൻ പോയൻറ് ഓഫ് കോൾ പദവി കേന്ദ്രം നൽകാത്തതുമാണ് പ്രതിസന്ധി കൂട്ടിയത്.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ കുടക് ജില്ലകൾ ഉൾപ്പെടുന്ന വലിയൊരു മേഖലയാണ് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. നേരത്തേ കരിപ്പൂർ, കൊച്ചി, കർണാടകയിലെ മംഗളൂരു എന്നീ വിമാനത്താവളങ്ങളെയാണ് ഈ പ്രദേശങ്ങളിലുള്ളവർ ആശ്രയിച്ചിരുന്നത്. കണ്ണൂരി​ൽനിന്ന് വിമാനങ്ങൾ കുറഞ്ഞതും ഉള്ളതിൽ ടിക്കറ്റ് കിട്ടാതെയും വന്നതോടെ ഇപ്പോൾ വീണ്ടും മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായി യാത്രക്കാർ. ടിക്കറ്റ് കിട്ടിയാൽതന്നെ ഉയർന്നനിരക്കും. കരിപ്പൂർ, കൊച്ചി എന്നിവിടങ്ങളേക്കാൾ 30-40 ശതമാനം നിരക്ക് വർധനയാണ് ഈടാക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർ ഇതോടെ പൂർണമായും കണ്ണൂർ വിമാനത്താവളത്തെ കൈയൊഴിയുകയാണ്.

യാത്രക്കാർക്ക് കണ്ണൂർ വേണം; ഇതാ കണക്കുകൾ

2018-23 കാലയളവിൽ 4,345,194 യാത്രക്കാരാണ് കണ്ണൂരിൽനിന്ന് പറന്നത്. 2,566,882 പേർ വിദേശത്തേക്കും 1,778,312 പേർ ആഭ്യന്തര യാത്രക്കാരുമാണ്. ഇതുവരെ 18,657 വിദേശ സർവിസുകളും 26,659 ആഭ്യന്തര സർവിസുകളും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് നടത്തി. 2019-20 കാലയളവിൽ 15,83,600 പേർ കണ്ണൂരിൽനിന്ന് യാത്രചെയ്തിരുന്നു. 777660 പേർ ആഭ്യന്തരയാത്ര നടത്തിയപ്പോൾ വിദേശത്തേക്ക് 8,05,940 പേർ യാത്ര ചെയ്തു.

എന്നാൽ, 2022 -23 കാലയളവി​ലെത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വൻതോതിലാണ് യാത്രക്കാരുടെ എണ്ണം കുറഞ്ഞത്. ആഭ്യന്തര-വിദേശ സർവിസുകളിൽനിന്നായി 12,57,086 പേരാണ് യാത്രചെയ്തത്. 2019 കാലയളവിൽനിന്ന് 2023ലേക്ക് എത്തുമ്പോൾ 326,514 യാത്രക്കാരുടെ കുറവാണ് കണ്ണൂർ വിമാനത്താവളം നേരിട്ടത്. ഇതിൽ വിദേശത്തേക്ക് യാത്രചെയ്തവരുടെ എണ്ണം ചെറിയതോതിൽ കൂടിയെങ്കിലും ആഭ്യന്തരയാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. വിദേശത്തേക്ക് പോയവരുടെ എണ്ണം 8,53,091ഉം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,03,995ഉം ആണ്.

ഗോ ഫസ്റ്റ് നിലച്ചു, കൂനിന്മേൽക്കുരു

ഗള്‍ഫിലേക്കടക്കം സർവിസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സർവിസ് നിര്‍ത്തിയതോടെയാണ് വിമാനത്താവളം കനത്ത തിരിച്ചടി നേരിട്ടത്. 2019 -20 കാലയളവിൽ 15,131 വിദേശ-ആഭ്യന്തര സർവിസുകളാണ് നടത്തിയതെങ്കിൽ 2022-23 കാലയളവിൽ സർവിസുകളുടെ എണ്ണം 12,024 കുറഞ്ഞു. വിമാനങ്ങള്‍ കുറഞ്ഞതോടെ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു.

ഗോ ഫസ്റ്റ് എയർലൈൻ സർവിസ് പ്രതിസന്ധിയെ തുടർന്ന് 2023 മേയിൽ മാത്രം 25,270 യാത്രക്കാരാണ് കുറഞ്ഞത്. ഏപ്രിലിൽ 1,17,310 പേരാണ് കണ്ണൂർ വഴി യാത്രചെയ്തത്. ഗോ ഫസ്റ്റ് എയർ സർവിസുകൾ നിർത്തിയ മേയിൽ യാത്രക്കാരുടെ എണ്ണം 92,040 ആയി കുറഞ്ഞു. 18,066 അന്താരാഷ്ട്ര യാത്രക്കാരുടെയും 7204 ആഭ്യന്തര വിമാനയാത്രക്കാരുടെയും എണ്ണമാണ് കുറഞ്ഞത്. ജൂണിൽ 10,296 പേരുടെ കുറവാണ് ഉണ്ടായത്. 56,065 അന്താരാഷ്ട്രയാത്രക്കാരും 25,679 ആഭ്യന്തരയാത്രക്കാരും ഉൾപ്പെടെ 81,744 പേരാണ് ജൂണിൽ യാത്രചെയ്തത്.

വിമാനത്താവളത്തിന്റെ ഉയിർത്തെഴുന്നേൽപിനായി ജില്ലയിലെ എം.പിമാർ നിരന്തരം കേന്ദ്രത്തിനു മുന്നിൽ വിവിധ കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടും തള്ളുകയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയൻറ് ഓഫ് കോൾ പദവി നൽകണമെന്ന് എം.പിമാരായ കെ. സുധാകരൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നിവർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മെട്രോ നഗരമല്ലെന്നപേരിൽ ആവശ്യം തള്ളുകയാണ് കേന്ദ്രം.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Airport
News Summary - Kannur Airport
Next Story