കണ്ണൂർ വിമാനത്താവളം; യാത്രക്കാർ വർധിച്ചാൽ കൂടുതൽ അന്താരാഷ്ട്ര സർവിസ്
text_fieldsകണ്ണൂര്‍: യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിൽ മാത്രമേ കൂടുതൽ അന്താരാഷ്ട്ര വിമാന സർവിസ് കണ്ണൂരിൽനിന്ന് അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയതായി കെ. സുധാകരൻ എം.പി അറിയിച്ചു. കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ അദ്ദേഹത്തിന്റെ ചോദ്യത്തിനാണ് വ്യോമയാന മന്ത്രാലയം മറുപടി നല്‍കിയത്. കൂടാതെ വാണിജ്യ സാധ്യതയും കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു.
എയര്‍ കോര്‍പറേഷന്‍ നിയമം റദ്ദാക്കിയതിന്റെ ഫലമായി സര്‍ക്കാറിന് ഒരു നിയന്ത്രണവും ഇല്ലാത്തതിനാല്‍ തീവെട്ടിക്കൊള്ളയാണ് ടിക്കറ്റ് നിരക്കിന്റെ പേരില്‍ വിമാനക്കമ്പനികള്‍ നടത്തുന്നതെന്ന് കെ. സുധാകരൻ ആരോപിച്ചു. മെട്രോയല്ലാത്ത വിമാനത്താവളങ്ങള്‍ക്ക് പോയന്റ് ഓഫ് കാള്‍ പദവി നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഫലമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വിസ് നടത്താനുള്ള സാധ്യത നീളുമെന്ന് ഉറപ്പായതായും അദ്ദേഹം അറിയിച്ചു. ഉഡാന്‍ പദ്ധതി പ്രകാരമുള്ള ലേലത്തില്‍ ഭാവിയില്‍ ഏതെങ്കിലും വിമാനക്കമ്പനികൾ താല്‍പര്യം കാട്ടിയാല്‍ കണ്ണൂരിനെ പരിഗണിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
നിലവിൽ ആഴ്ചയില്‍ 65 അന്താരാഷ്ട്ര വിമാന സര്‍വിസുകളാണ് കണ്ണൂരില്‍ നിന്നുള്ളത്. കൂടുതല്‍ അന്താരാഷ്ട്ര സര്‍വിസുകള്‍ വേണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍, ഇതിന് അനുകൂല സമീപനം കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായില്ല.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനായി പോയന്റ് ഓഫ് കാള്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് സുധാകരന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ടു. ഈ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും സുധാകരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.