കണ്ണൂർ വിമാനത്താവളം പുതിയ കാർഗോ ടെർമിനൽ ഹജ്ജ് ക്യാമ്പാവും
text_fieldsമട്ടന്നൂർ: ഈ വർഷത്തെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട് എംബാർക്കേഷൻ പോയന്റായ കണ്ണൂർ വിമാനത്താവളത്തിൽ ഒരുക്കങ്ങൾക്കായി വകുപ്പ് തലത്തിൽ നോഡൽ ഓഫിസർമാരായി. വിമാനത്താവളത്തിൽ കെ.കെ. ശൈലജ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം ഒരുക്കങ്ങൾ വിലയിരുത്തി. എ.ടി.സിക്കടുത്ത് പുതുതായി നിർമിക്കുന്ന കാർഗോ ടെർമിനലിൽ ഹജ്ജ് ക്യാമ്പ് ഒരുക്കും. നിർദിഷ്ട ക്യാമ്പ് സൈറ്റ് ഹജ്ജ് കമ്മിറ്റിയംഗങ്ങളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
തീർഥാടകരുടെ താമസസ്ഥലം, കുടിവെള്ള സൗകര്യം, ഭക്ഷണം, വളന്റിയർ, വൈദ്യസഹായം, ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി, ഇൻറർനെറ്റ്, ടെലിഫോൺ കണക്ഷനുകൾ, പാചക വാതക സൗകര്യം, കെ.എസ്.ആർ.ടി.സി സർവിസ്, റെയിൽവേ സ്വീകരണ സംവിധാനം തുടങ്ങിയവ ഉറപ്പു വരുത്തണമെന്ന് എം.എൽ.എ നിർദേശിച്ചു. ആദ്യമായാണ് കണ്ണൂർ വിമാനത്താവളം ഹജ്ജ് എംബാർക്കേഷൻ പോയന്റാവുന്നത്. വിമാനത്താവളത്തിനുള്ളിലെ മുഴുവൻ സൗകര്യങ്ങളും കാര്യക്ഷമമായി ഉറപ്പു വരുത്തുമെന്ന് കിയാൽ എം.ഡി സി. ദിനേശ് കുമാർ അറിയിച്ചു.
ഹജ്ജ് കമ്മറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി കാര്യങ്ങൾ വിശദീകരിച്ചു. വിമാനത്താവളത്തിലേക്കുള്ള മുഖ്യ റോഡുകളിൽ സൂചന ബോർഡുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിന് യോഗം നിർദേശം നൽകി. സ്ത്രീകൾ ഉൾപ്പെടെ രണ്ടായിരത്തിലേറെ തീർഥാടകരെയാണ് കണ്ണൂരിൽ പ്രതീക്ഷിക്കുന്നത്. വളന്റിയർമാരും ഉദ്യോഗസ്ഥരുമുൾപ്പെടെ അയ്യായിരം പേർക്കുള്ള സൗകര്യങ്ങൾ വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം.
ഹരിതചട്ടപ്രകാരമായിരിക്കും ക്യാമ്പ് നടത്തിപ്പ്. ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മൊഹ്സിൻ എം.എൽ.എ, അഡ്വ. മൊയ്തീൻ കുട്ടി, കെ. മുഹമ്മദ് കാസിം കോയ, പി.പി. മുഹമ്മദ് റാഫി, ഡോ. ഐ.പി. അബ്ദുൽ സലാം, പി.ടി. അക്ബർ, എ.ഡി.എം കെ.കെ. ദിവാകരൻ, ഹജ്ജ് അസി.സെക്രട്ടറി മുഹമ്മദലി, എക്സിക്യുട്ടിവ് ഓഫിസർ പി.എം. അബ്ദുൽ ഹമീദ്, ഓഫീഷ്യൽ പി.കെ. അസൈൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.