ടേക്ക് ഓഫിന് മൂന്നാണ്ട്; വികസനം റൺവേയിൽ തന്നെ
text_fieldsകണ്ണൂർ: വികസനപ്രതീക്ഷകളുടെ ആകാശത്തേക്ക് കണ്ണൂർ ചിറകുനിവർത്തിയിട്ട് ഇന്നേക്ക് മൂന്നു വർഷം തികയുന്നു. വിമാനത്താവള നഗരിയായി വളരുമ്പോൾ കരുതിയ പ്രതീക്ഷകൾ മിക്കതും ഇപ്പോഴും സ്വപ്നം മാത്രമാണ്. പ്രവർത്തനം തുടങ്ങിയശേഷമുള്ള മൂന്നു വർഷത്തിൽ പകുതിയും കോവിഡ് കവർന്നപ്പോൾ കണ്ണൂർ വിമാനത്താവള കമ്പനിക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. കോവിഡ് ഭീഷണിയിൽ നിശ്ചലമായ ലോകം വീണ്ടും ചലിച്ചുതുടങ്ങുമ്പോൾ പുതിയ കുതിപ്പിനുള്ള ഒരുക്കത്തിലാണ് വിമാനത്താവളം.
ഉദ്ഘാടന ദിവസം തന്നെ അന്താരാഷ്ട്ര സർവിസുമായായിരുന്നു കണ്ണൂരിെൻറ കുതിപ്പ്. എന്നാൽ, വിദേശ വിമാനങ്ങൾക്ക് കണ്ണൂരിൽ ഇറങ്ങാൻ ഇനിയും അനുമതിയായിട്ടില്ല.
അനുമതി നൽകില്ലെന്ന നിലപാടിലാണ് കേന്ദ്രം. വിമാനത്താവളത്തിലേക്ക് സുപ്രധാന റോഡുകളുടെ വികസനവും കടലാസിൽതന്നെ. വിമാനത്താവളം വരുമ്പോൾ ഏറെ പ്രതീക്ഷിച്ചവെച്ചത് ടൂറിസം മേഖലയാണ്. ഹോട്ടൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ടൂറിസം വികസനത്തിനും തടസ്സമായിട്ടുള്ളത്. കാർഗോ സർവിസ് തുടങ്ങാനായതാണ് മൂന്നു വർഷത്തിനിടെയുണ്ടായ എടുത്തുപറയാവുന്ന നേട്ടം. 350 മെട്രിക് ടൺ ചരക്കാണ് ഒക്ടോബർ 16 മുതൽ ഇതുവരെ കയറ്റുമതി ചെയ്തത്.
കണ്ണൂരിൽ പറന്നത് 27.37 ലക്ഷം പേർ
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 27.37 ലക്ഷം പേരാണ്. 2018 ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ടുതന്നെ 10 ലക്ഷം യാത്രക്കാര്‍ കണ്ണൂർ വഴി പറന്നു. പ്രവര്‍ത്തനം ആരംഭിച്ച് ഒമ്പത് മാസംകൊണ്ട് പ്രതിദിനം 50 വീതം സര്‍വിസ് ടേക്ക് ഓഫും ലാന്‍ഡിങ്ങും ഒരു വര്‍ഷം പിന്നിടുന്നതിനു മുമ്പ് ആഴ്ചയില്‍ 65 രാജ്യാന്തര സര്‍വിസ് എന്ന നേട്ടവും കൈവരിച്ചിരുന്നു. നിലവിൽ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് വിമാനക്കമ്പനികള്‍ 10 ഇന്ത്യന്‍ നഗരങ്ങളിലേക്കും എട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വിസ് നടത്തിവരുന്നു. വന്ദേഭാരത് മിഷെൻറ ഭാഗമായി കുവൈത്ത് എയര്‍വേസ്, സൗദി എയര്‍, എയര്‍ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാസ്, ഫ്ലൈ ദുബൈ, സലാം എയര്‍, ജസീറ എയര്‍വേസ്, സൗദി എയര്‍വേസ് തുടങ്ങിയ വിദേശ കമ്പനികളും യാത്രക്കാരുമായി കണ്ണൂരിലെത്തിയിരുന്നു.
റോഡുകൾ പഴയപടി തന്നെ
വിമാനത്താവളത്തിലേക്ക് വിഭാവനം ചെയ്യപ്പെട്ട നാലുവരി റോഡുകൾ ഇപ്പോഴും സ്വപ്നം തന്നെ. കണ്ണൂർ, തലശ്ശേരി, വയനാട് ഭാഗങ്ങളിൽനിന്നായി ആറ് നാലുവരിപ്പാതയാണ് മട്ടന്നൂരിലേക്ക് പദ്ധതിയിട്ടത്. മൂന്നാം വാർഷികത്തിലും ഒന്നുപോലും നടപ്പായിട്ടില്ല. പ്രഖ്യാപിക്കപ്പെട്ട ആറു റോഡുകളില്‍ ചൊറുക്കള- നണിച്ചേരിക്കടവ്- മയ്യില്‍- കൊളോളം- മട്ടന്നൂര്‍ റോഡിെൻറ സ്ഥലമെടുപ്പ് നടപടികള്‍ മാത്രമാണ് നടന്നിട്ടുള്ളത്. തലശ്ശേരിയില്‍നിന്ന് മട്ടന്നൂരിലേക്കുള്ള നിലവിലുള്ള റോഡ് നാലുവരി പാതയാക്കാനായിരുന്നു നിർദേശം. ഇതിെൻറ പദ്ധതിരേഖ ഇനിയും തയാറായിട്ടില്ല. കൊടുവള്ളി -അഞ്ചരക്കണ്ടി -മട്ടന്നൂര്‍ റോഡ് വികസനത്തിെൻറ കാര്യത്തില്‍ അലൈന്‍മെൻറ് നിശ്ചയിച്ച് രൂപരേഖ നല്‍കിയെങ്കിലും സ്ഥലമെടുപ്പ് നടപടികള്‍ മുന്നോട്ടുനീങ്ങിയിട്ടില്ല.
മാനന്തവാടി ബോയ്സ് ടൗണ്‍ മണത്തണ പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ വരെയുള്ള 58 കിലോമീറ്റര്‍ റോഡിെൻറയും വിശദ പദ്ധതിരേഖ തയാറായിട്ടില്ല. കേളകം ടൗണിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ അലൈന്‍മെൻറില്‍ മാറ്റം വേണമെന്ന നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. മഞ്ഞളാംപുറം യു.പി സ്കൂള്‍ മുതല്‍ കേളകം ഓഫിസ് വരെയുള്ള സ്ഥലത്ത് ബൈപാസാണ് പകരം നിര്‍ദേശം. പുതിയ നിര്‍ദേശം കൂടി പരിഗണിച്ചുകൊണ്ട് വിശദ പദ്ധതിരേഖ തയാറാക്കണം. മാനന്തവാടി മുതല്‍ അമ്പായത്തോടുവരെ മലയോര ഹൈവേയുടെ ഭാഗമായാണ് നിര്‍മിക്കുക. ചുരത്തില്‍ രണ്ടുവരി മാത്രമാണുണ്ടാവുക. റോഡിെൻറ അലൈന്‍മെൻറ് നിശ്ചയിച്ച് സര്‍വേ റിപ്പോര്‍ട്ടും രൂപരേഖയും റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കിയിട്ടുണ്ട്. നാദാപുരം-പെരിങ്ങത്തൂര്‍-പാനൂര്‍-പൂക്കോട്-കൂത്തുപറമ്പ് വഴി മട്ടന്നൂരിലേക്കുള്ള റോഡിെൻറ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും മറ്റ് നടപടികളായിട്ടില്ല. മേലെ ചൊവ്വ-ചാലോട്-മട്ടന്നൂര്‍ റോഡ് കേന്ദ്ര ഉപരിതലമന്ത്രാലയം ദേശീയപാതയായി അംഗീകരിച്ചുവെങ്കിലും വീതി കൂട്ടി വികസിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നിട്ടില്ല.
കൂടുതൽ ആഭ്യന്തര സർവിസുകൾ തുടങ്ങും –കിയാൽ സി.ഒ.ഒ
വിദേശ വിമാനങ്ങൾക്ക് അനുമതിക്കായി ശ്രമിക്കുമ്പോൾ തന്നെ കൂടുതൽ ആഭ്യന്തര സർവിസ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കിയാൽ ചീഫ് ഓപറേറ്റിങ് ഓഫിസർ എം. സുഭാഷ് പറഞ്ഞു.
വിദേശ വിമാന അനുമതി വൈകാതെ ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. വിമാനത്താവള വികസനം ഘട്ടംഘട്ടമായി നടക്കേണ്ട പ്രക്രിയയാണ്. അതിനുള്ള പഠനങ്ങൾ നടന്നുവരുകയാണെന്നും സുഭാഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.